കാനഡയില്‍ ഉഷ്ണതരംഗം; മരിച്ചവരുടെ എണ്ണം മുന്നൂറിലധികമായി

കാനഡയില്‍ ഉഷ്ണതരംഗം; മരിച്ചവരുടെ എണ്ണം മുന്നൂറിലധികമായി

ഓട്ടവ: ലോകത്ത് ഏറ്റവും കൂടുതല്‍ മഞ്ഞ് പെയ്യുന്ന രാജ്യങ്ങളില്‍ ഒന്നായ കാനഡയില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം മുന്നൂറിലധികമായി. ബ്രിട്ടീഷ് കൊളംബിയയില്‍ അഞ്ചു ദിവസത്തിനുള്ളില്‍ 486 പേരാണ് അവിചാരിതമായി മരണത്തിനു കീഴടങ്ങിയത്. ഇതില്‍ മുന്നൂറിലധികം പേര്‍ കനത്ത ചൂടു മൂലമാണ് മരിച്ചതെന്നാണ് നിഗമനം. മരണനിരക്ക് പ്രാഥമിക സംഖ്യ മാത്രമാണെന്നും കൂടാനാണ് സാധ്യതയെന്നും അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ പരമാവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉള്ളില്‍ തന്നെ കഴിയണമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഉഷ്ണതരംഗം ഈയാഴ്ച മുഴുവന്‍ നീണ്ടുനില്‍ക്കുമെന്ന് കനേഡിയന്‍ പരിസ്ഥിതി വിഭാഗം മുന്നറിയിപ്പു നല്‍കി.

കഴിഞ്ഞ ദിവസം 49.6 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റണില്‍ രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ റെക്കോഡ് താപനിലയാണിത്. ഇതിനു മുന്‍പ് കാനഡയില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിയിരുന്നില്ല. മുന്‍പ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് 1937-ലാണ് രേഖപ്പെടുത്തിയത്. 45 ഡിഗ്രി ആണ് അന്ന് രേഖപ്പെടുത്തിയത്.

വാന്‍കൂവറില്‍ സ്‌കൂളുകളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും താത്കാലികമായി അടച്ചിട്ടു. പലയിടത്തും വീടുകളുടെ മേല്‍ക്കൂരകളും റോഡുകളും ചൂടില്‍ ഉരുകുന്നതായാണ് റിപ്പോര്‍ട്ട്. ചൂടിനെ പ്രതിരോധിക്കാന്‍ പലയിടങ്ങളിലും ശീതീകരണ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. രാജ്യത്തെ മറ്റിടങ്ങളിലേക്കും ചൂട് വ്യാപിച്ചേക്കുമെന്നും ആശങ്കയുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

വടക്കു പടിഞ്ഞാറന്‍ യു.എസിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. യു.എസില്‍ പോര്‍ട്ട്‌ലാന്‍ഡ്, ഒറിഗോണ്‍, സിയാറ്റില്‍, വാഷിങ്ടണ്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത ചൂടാണ്. ഉഷ്ണതരംഗം പലയിടത്തും കാട്ടുതീക്കും കാരണമാകുന്നുണ്ട്.
പോര്‍ട്ട്ലാന്‍ഡില്‍ 46.1 ഡിഗ്രി സെല്‍ഷ്യസും സിയാറ്റില്‍ 42.2 ഡിഗ്രി സെല്‍ഷ്യസുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.