മെല്‍ബണ്‍: ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും അന്യായമായി വെട്ടിക്കുറിച്ചാല്‍ തൊഴിലുടമകള്‍ക്ക് കനത്ത ശിക്ഷ നല്‍കുന്ന പുതിയ തൊഴില്‍ നിയമം ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് നിലവില്‍ വന്നു. നിശ്ചിത വേതനം നല്‍കാതിരിക്കുകയോ, പിടിച്ചുവയ്ക്കുകയോ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുകയോ ചെയ്താല്‍ ഇനി മുതല്‍ ക്രിമിനല്‍ കുറ്റമാണ്. പത്തുവര്‍ഷം വരെ തടവുശിക്ഷ കിട്ടാം. രണ്ടു ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ മുതല്‍ പത്തുലക്ഷത്തി തൊണ്ണൂറായിരം ഡോളര്‍ വരെ പിഴയും ഒടുക്കേണ്ടതായിവരും. ഇതോടെ വേജ് തെഫ്റ്റ് ക്രിമിനല്‍ കുറ്റമാക്കിയ ഓസ്‌ട്രേലിയയിലെ ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് വിക്ടോറിയ.
ജീവനക്കാര്‍ക്ക് അര്‍ഹമായ വേതനവും ആനുകൂല്യങ്ങളും ഉറപ്പുവരുത്തുന്നതിനുളള വേജ് തെഫ്ട് നിയമം കഴിഞ്ഞ വര്‍ഷം ജൂണിലാണ് വിക്ടോറിയ സംസ്ഥാനത്തെ ഇരു സഭകളിലും പാസാക്കിയത്. നിയമം ലംഘിക്കുന്ന വ്യക്തികള്‍ക്ക് തടവും രണ്ടു ലക്ഷം ഡോളര്‍ വരെ പിഴയുമാണ് ശിക്ഷ. കമ്പനികളാണെങ്കില്‍ പിഴ പത്തുലക്ഷം ഡോളറിന് മുകളിലേക്ക് പോകും.
ജീവനക്കാര്‍ക്ക് മനപ്പൂര്‍വം വേതനം നല്‍കാതിരിക്കുക, മറ്റാനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുക, പേ റോളും മറ്റ് രേഖകളും മനപ്പൂര്‍വം സൂക്ഷിക്കാതിരിക്കുക എന്നിവയാണ് ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്നത്. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സംരഭകര്‍ക്ക് ഇത് സംബന്ധിച്ച ബോധവത്കരണം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുടെ കടമകളെക്കുറിച്ചും ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ചും ഇവരെ ബോധ്യപ്പെടുത്തും.
നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വേജ് ഇന്‍സ്പെക്ടറേറ്റ് വിക്‌ടോറിയ രൂപീകരിച്ചിട്ടുണ്ട്. ഇവരാകും പരാതികള്‍ ശേഖരിക്കുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യുക. ഇതിനായി ഇന്‍സ്‌പെക്ടര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എതെങ്കിലും സ്ഥാപനം ജീവനക്കാരുടെ ശമ്പളമോ ആനൂകൂല്യമോ തടഞ്ഞുവയ്ക്കുന്നതായി സംശയം തോന്നിയാല്‍ രേഖകള്‍ ആവശ്യപ്പെടുകയോ പിടിച്ചെടുക്കുകയോ ചെയ്യുമെന്ന് വിക്ടോറിയ വേജ് തെഫ്ട് അതോറിറ്റി വക്താവ് അറിയിച്ചു. ആരോപണം ശരിയെന്ന് തെളിഞ്ഞാല്‍ ക്രിമിനല്‍ ചട്ടത്തിലെ തുടര്‍നടപടികള്‍ക്കായി രേഖകള്‍ പബ്ലിക് പ്രോസിക്യൂഷന്‍സ് ഓഫീസിന് കൈമാറും.