കൊളംബോ: രാസവസ്തുക്കൾ നിറഞ്ഞ ചരക്കുകപ്പൽ തീ പിടിച്ച് കടലിൽ മുങ്ങിയതിനെത്തുടർന്ന് ശ്രീലങ്കൻ തീരത്ത് കനത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ. കടൽ സമ്പത്ത് കൂട്ടത്തോടെ നശിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. 176 ആമകളും 20 ഡോൾഫിനുകളും നാല് തിമിംഗലങ്ങളും ഇതിനോടകം ചത്ത് തീരത്തടിഞ്ഞതായി ശ്രീലങ്കൻ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ മഡാവ ടെന്നാകൂൺ കോടതിയിൽ അറിയിച്ചു.

കടൽ സമ്പത്ത് നശിച്ചു തീരത്ത് അടിയുന്നതിനൊപ്പം നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങളും അടിഞ്ഞു കൂടുന്നതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കടൽ ദുരന്തമായിട്ടാണ് സംഭവം വിലയിരുത്തപ്പെടുന്നത്. സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത എം വി എക്സ്-പ്രസ് പേൾ (MV X-Press Pearl) എന്ന കപ്പലിന് മെയ് 20നായിരുന്നു ശ്രീലങ്കൻ തീരത്ത് അഗ്നിബാധയുണ്ടാകുന്നത്. 278 ടൺ എണ്ണയും 50 ടൺ ഗ്യാസ് ഓയിലും വഹിച്ചിരുന്ന കപ്പലിൽ 1486 കണ്ടെയ്നറുകളിലായി 25,000 കിലോ നൈട്രിക് ആസിഡും മറ്റ് രാസവസ്തുക്കളും സൗന്ദര്യവർദ്ധക വസ്തുക്കളുമുണ്ടായിരുന്നു.
തീപിടിച്ച കപ്പൽ തീരത്തേക്ക് അടിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ജൂൺ രണ്ടിനാണ് പൂർണമായും കടലിൽ മുങ്ങിയത്. കപ്പലിൽ 190 ഓളം കാർഗോ സാമഗ്രികൾ ഉണ്ടായിരുന്നതായും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇതിലധികവും പ്ലാസ്റ്റിക് കലർന്നതായിരുന്നു. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം നടത്തുന്നതിന് സർക്കാർ സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കപ്പലിന്റെ റഷ്യക്കാരനായ ക്യാപ്റ്റനെ കഴിഞ്ഞ ദിവസം ശ്രീലങ്കൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
കപ്പലിൽ സൂക്ഷിച്ചിരുന്ന ടൺകണക്കിന് ഓയിൽ കടലിൽ കലർന്നതിനെ തുടർന്നുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പതിറ്റാണ്ടുകൾ നീണ്ടു നിൽക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കപ്പലിൽ നിന്ന് പുറംതള്ളിയ വിഷമാലിന്യം മേഖലയിലാകെ 'രാസലായിനി' തീർക്കുമെന്ന് പാരിസ്ഥിതിക സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു.

നൈട്രിക് ആസിഡ് ചോർന്നത് മൂലമാണ് തീപിടുത്തമുണ്ടായതെന്ന നിഗമനത്തിലാണ് ശ്രീലങ്കൻ അധികാരികൾ. കപ്പലിൽ ചോർച്ച ഉണ്ടായതായി മെയ് 11ന് തന്നെ ജീവനക്കാർ അറിഞ്ഞിരിക്കും എന്നും ശ്രീലങ്കൻ അധികാരികൾ കരുതുന്നു.
ആസിഡ് ചോർച്ച ജീവനക്കാർ അറിഞ്ഞിരുന്നെന്നും എന്നാൽ തീരത്ത് അടുപ്പിക്കാൻ കപ്പലിന് ഖത്തറും പിന്നീട് ഇന്ത്യയും അനുമതി നിഷേധിച്ചിരുന്നെന്നും കപ്പൽ ഉടമസ്ഥർ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ കപ്പലിന് പ്രവേശന അനുമതി നൽകിയതിനെ തുടർന്ന് ശ്രീലങ്കയിൽ പ്രതിഷേധം പുകയുകയാണ്