മെക്‌സിക്കോ സിറ്റി: കടലിനടയിലെ പൈപ്പ്‌ലൈനില്‍ നിന്ന് വാതകം ചോര്‍ന്ന് മെക്‌സിക്കോ കടലില്‍ തീ പിടിത്തം. മെക്‌സിക്കോയിലെ യുക്കാറ്റന്‍ പെനിന്‍സുലയുടെ പടിഞ്ഞാറ് സമുദ്രത്തിലാണ് തീ പടര്‍ന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ പെമെക്‌സ് അണ്ടര്‍വാട്ടര്‍ പൈപ്പ്‌ലൈനില്‍ നിന്ന് വാതകം ചോര്‍ന്നതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
അപകടത്തെത്തുടര്‍ന്ന് ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സംഭവം ഉല്‍പാദനത്തെ ബാധിച്ചിട്ടില്ലെന്നും പെമെക്‌സ് വ്യക്തമാക്കി. തീ പിടുത്തം നിയന്ത്രണവിധേയമാക്കി. ഉരുകിയ ലാവയോട് സാമ്യമുള്ള വെള്ളത്തില്‍ നിന്ന് പുറത്തേക്ക് ചാടുന്ന ഓറഞ്ച് നിറത്തില്‍ വൃത്താകൃതിയിലുള്ള തീജ്വാലകളെ സോഷ്യല്‍ മീഡിയ വിളിച്ചത് 'തീ കണ്ണ്' എന്നാണ്.
കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട പെമെക്സിന്റെ മുന്‍നിര കു മാലൂബ് സാപ്പ് ഓയില്‍ ഡെവലപ്മെന്റിന്റെ പ്ലാറ്റ്‌ഫോമിലേക്ക് ബന്ധിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ പൈപ്പ്‌ലൈനിലാണ് തീപിടിത്തമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് വ്യക്തമാക്കി. തീ പടരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.