ജറുസലേം: ജിദ്ദയില്‍ നിന്ന് യു.എ.ഇയിലേക്ക് പോയ ഇസ്രയേലിന്റെ കൂടി ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലിന് നേരേ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ കപ്പലിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ കപ്പല്‍ യാത്ര തുടരുകയാണ്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഷിപ്പ് മാനേജ്മെന്റ് കമ്പനിയായ സോഡിയാക് മാരിടൈം ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ടിന്‍ഡാല്‍ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇത് നിഷേധിച്ച കമ്പനി തങ്ങള്‍ ഈ കപ്പല്‍ മാസങ്ങള്‍ക്ക് മുന്‍പ് വിറ്റതായി അറിയിച്ചു. അതേ സമയം കപ്പല്‍ ഇസ്രയേലിലെ ഒരു വ്യവസായിയുടേതാണെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമീപ കാലത്തായി ഇറാനും ഇസ്രയേലും പരസ്പരം കപ്പലുകള്‍ക്ക് നേരേ ആക്രമണം നടത്തുന്നത് പതിവായി മാറിയിരിക്കുകയാണ്.
സംഭവത്തില്‍ യു.എ.ഇയോ ഇസ്രയേലോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണം ശക്തമാണ്. ആക്രമണത്തില്‍ ഇറാന് പങ്കുണ്ടോയെന്നറിയാന്‍ ഇസ്രയേല്‍ പ്രതിരോധ വിഭാഗം അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരിയില്‍ ഇസ്രയേല്‍ ഉടമസ്ഥതയിലുള്ള എം.വി ഹീലിയോസ് റേ എന്ന ചരക്കു കപ്പലിനു നേരേ ഒമാനില്‍ വച്ച് ആക്രമണം ഉണ്ടായിരുന്നു.
ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നെങ്കിലും ഇറാന്‍ ഇത് നിഷേധിച്ചിരുന്നു. മാര്‍ച്ചിലും സമാനമായ സംഭവമുണ്ടായി. ഇതേ തുടര്‍ന്ന് ഇറാന്റെ നിരവധി കപ്പലുകള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ ആക്രമണം നടത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.