പെർത്ത്: പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ അടുത്തിടെ നിലവിൽ വന്ന ദയാവധ നിയമം തങ്ങളുടെ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും നടപ്പാക്കില്ലെന്ന ധീരമായ നിലപാടുമായി കത്തോലിക്ക നേതൃത്വം. സംസ്ഥാനത്തെ കത്തോലിക്ക ആരോഗ്യ മേഖലയെ പ്രതിനിധീകരിച്ച് റവ. ഡോ. ജോ പാർക്കിൻസണാണ് ദയാവധം സഭയുടെ കീഴിലുള്ള ആശുപത്രികളിലും ആരോഗ്യ സ്ഥാപനങ്ങളിലും നടപ്പാക്കില്ലെന്ന തീരുമാനം അറിയിച്ചത്.
സെന്റ് ജോൺ ഓഫ് ഗോഡ് ആശുപത്രികൾ, മേഴ്സി കെയർ, മേഴ്സി ഹെൽത്ത്, കാത്തലിക് ഹോംസ്, സതേൺ ക്രോസ് കെയർ, നസ്രത്ത് കെയർ, ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദി പുവർ, മൗണ്ട് മൗഡിലി വെർണ ഏജ്ഡ് കെയർ ഫെസിലിറ്റീസ് തുടങ്ങിയ കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ പ്രമുഖ ആതുര - ആരോഗ്യ കേന്ദ്രങ്ങളിലും നിയമം നടപ്പാക്കില്ല. ദയാവധത്തിനായി ഒരുതരത്തിലുള്ള നടപടികളിലേക്കും കടക്കാൻ ആശുപത്രി ജീവനക്കാരെ അനുവദിക്കില്ലെന്നും ഡോ. പാർക്കിൻസൺ വ്യക്തമാക്കി.
ഓസ്ട്രേലിയ കാതലിക്ക് ഹെൽത്തും ഡിസബിലിറ്റി ആൻഡ് ഏജ്ഡ് കെയർ സെക്ടറും ഏറ്റവും മികച്ച ചികിത്സയും പരിചരണവും തങ്ങളുടെ രോഗികൾക്കും അന്തേവാസികൾക്കും ഉറപ്പുവരുത്തുമെന്നും ഡോ. പാർക്കിൻസൺ പറഞ്ഞു. പരിചരണത്തിലോ ചികിത്സയിലോ രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ഏതെങ്കിലും തരത്തിലുള്ള ആശങ്കകളുണ്ടെങ്കിൽ തങ്ങളെ സമീപിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പെർത്ത് ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റെല്ലോ എസ്ഡിബി
മനുഷ്യ ജീവന്റെ മഹാത്മ്യത്തെ കുറിച്ചും ദൈവീക ദാനത്തെ കുറിച്ചും വ്യക്തമാക്കിക്കൊണ്ട് പെർത്ത് ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റെല്ലോ എസ്ഡിബി കഴിഞ്ഞദിവസം ഇടയലേഖനം പുറപ്പെടുവിച്ചിരുന്നു. മനുഷ്യന്റെ ജീവൻ അവസാനിപ്പിക്കാൻ ആർക്കും അവകാശമില്ലെന്ന് ആർച്ച് ബിഷപ്പ് ഇടയലേഖനത്തിൽ വ്യക്തമാക്കിയിരുന്നു.
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സംസ്ഥാനത്ത് ദയാവധ നിയമം ജൂലൈ ഒന്നിനാണ് പ്രാബല്യത്തില്‍ വന്നത്. ഓസ്‌ട്രേലിയയില്‍ ദയാവധം നിയമവിധേയമാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണിത്. ക്രിസ്തീയ സംഘടനകളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചായിരുന്നു 2019-ല്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് ഈ നിയമം പാസാക്കിയത്.