ലണ്ടൻ : ഈസ്റ്റ് ഹാമിൽ താമസിക്കുന്ന മലയാളി വ്യവസായിയും ചലച്ചിത്ര നിർമ്മാതാവും ആയ മോഹൻലാൽ കുമാരൻ ഇന്ന് (ജൂലൈ 9) ലണ്ടനിലെ സെന്റ് ബാർത്തലോമിവ് ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു,
കൊല്ലം കരുണാഗപള്ളി കൊച്ചായത്തു ഹൗസിലെ മോഹൻലാൽ കുമാരൻ (64) പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷപെടുത്താനായില്ല. അടുത്തിടെ നിര്യാതനായ ജ്യേഷ്‌ഠ സഹോദരനോടൊപ്പം ലണ്ടനിലെ പ്രശസ്തമായ ബോളിയെൻ സിനിമ ഏറ്റെടുത്തു നടത്തിയിരുന്ന മോഹൻലാൽ മലയാളികൾക്ക് സുപരിചിതനും ഹൃദ്യമായ വ്യക്തിത്വത്തിന് ഉടമയുമായിരുന്നു. ഭാര്യ രാഗിണി മക്കൾ അശ്വതി, ആരതി.
ഒരിക്കൽ പരിചയപ്പെടുന്നവർ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഹൃദ്യമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്ന് സുഹൃത്തുക്കൾ സി ന്യൂസിനോട് പറഞ്ഞു. ആതിഥ്യ മര്യാദയുടെ ആൾ രൂപമായിരുന്നു അദ്ദേഹത്തിന്റെ സ്നേഹ സത്കാരങ്ങൾ ഓർമയിൽ നിന്ന് മായില്ലത്രേ! ആദ്യകാലത്തു കേരളത്തിൽനിന്നെത്തുന്ന മലയാളികൾക്ക് ആശ്രയിക്കാവുന്ന സഹായമായിരുന്നു എന്നും അദ്ദേഹവും കുടുംബവും സജീവമായി നിലനിർത്തിയിരുന്ന മലയാളിത്തം ഗൃഹാതുരത്വം ഉണർത്തുന്നതായിരുന്നു എന്നും ലണ്ടനിൽ അയൽവാസിയും കുടുംബ സുഹൃത്തുമായിരുന്ന സി ന്യൂസ് എക്സിക്യൂട്ടീവ് അംഗം ജോസഫ് ദാസൻ അനുസ്മരിച്ചു.