ബ്രസല്‍സ്: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ലോകമെങ്ങും വീണ്ടും ഭീഷണിയാകുമെന്ന് ആശങ്ക. കോവിഡ് രോഗബാധയെതുടര്‍ന്ന് മരിച്ച ബല്‍ജിയം സ്വദേശിയായ വൃദ്ധയിലാണ് പുതിയ വകഭേദങ്ങളായ ആല്‍ഫ, ബീറ്റ വൈറസുകള്‍ ഒരുമിച്ചു കണ്ടെത്തിയത്. ഇത് അസാധാരണമെന്നാണ് വൈദ്യശാസ്ത്ര വിദഗ്ധര്‍ പറയുന്നത്.
2019-ല്‍ ചൈനയിലെ വുഹാനില്‍ രോഗ വ്യാപനം തുടങ്ങിയ ശേഷം ഇതാദ്യമായിട്ടാണ് വൈറസിന്റെ രണ്ടു വകഭേദങ്ങള്‍ ഒരേ വ്യക്തിയില്‍ ഒരുമിച്ചു കാണുന്നത്. 90 വയസുകാരിയായ വൃദ്ധ വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ല.
ആല്‍സ്റ്റ് നഗരത്തിലെ ഒ.എല്‍.വി ആശുപത്രിയില്‍ യാദൃശ്ചികമായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സ തുടങ്ങി അഞ്ചു ദിവസത്തിനുശേഷം മരിച്ചു. എന്നാല്‍ രോഗത്തിന്റെ ആദ്യഘട്ടത്തില്‍ ശരീരത്തിന്റെ ഓക്‌സിജന്റെ അളവ് സാധാരണ നിലയിലായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇവരുടെ സ്ഥിതി മോശമായി. പിന്നാെലയായിരുന്നു മരണം.
ആല്‍ഫ, ബീറ്റ വകഭേദങ്ങള്‍ ഒരുമിച്ച് ബാധിച്ചതാകാം സാധാരണയിലും വേഗത്തില്‍ രോഗം ജീവനെടുത്തത് എന്നാണു കരുതുന്നത്്. രണ്ടു വ്യക്തികളില്‍നിന്ന് ആല്‍ഫ, ബീറ്റ വകഭേദങ്ങള്‍ വൃദ്ധയിലേക്കു പടര്‍ന്നിരിക്കാനാണ് സാധ്യതയെന്ന് ഒ.എല്‍.വി ആശുപത്രിയിലെ മോളിക്യുലാര്‍ ബയോളജിസ്റ്റ് ആന്‍ വംഗീര്‍ബര്‍ഗന്‍ പറഞ്ഞു. എന്നാല്‍ എവിടെ വച്ചാണ് 90 കാരിക്ക് രോഗബാധയുണ്ടായതെന്നു സ്ഥിരീകരിക്കാനായിട്ടില്ല.
രണ്ടു വൈറസ് വകഭേദങ്ങളും ഒരുമിച്ചുവന്നതാണ് മരണം അതിവേഗത്തിലാകാന്‍ കാരണമെന്നു കരുതുന്നുണ്ടെങ്കിലും അക്കാര്യം ശാസ്ത്രീയമായി തെളിയിക്കാനായിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സംഭവം ആഗോള മെഡിക്കല്‍ ജേര്‍ണലുകളില്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച യൂറോപ്യന്‍ കോണ്‍ഗ്രസ് യോഗത്തിലാണ് ഈ കണ്ടെത്തല്‍ അവതരിപ്പിച്ചത്.
ഇത്തരം രോഗ വ്യാപനം മറ്റ് എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആന്‍ പറഞ്ഞു. അത്യപൂര്‍വം എന്നു പറഞ്ഞ് സാഹചര്യത്തെ ചെറുതാക്കി കാണുന്നത് അപകടകരമാണ്. ഇക്കാര്യം വ്യക്തമാകാന്‍ വ്യാപക പരിശോധന ആവശ്യമാണെന്നും കോവിഡ് വകഭേദങ്ങളെ വേഗത്തില്‍ തിരിച്ചറിയുന്ന പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം, കഴിഞ്ഞ ജനുവരിയില്‍ ബ്രസിലീല്‍ രണ്ടു പേര്‍ക്ക് സമാനമായ രീതിയില്‍ രണ്ടു വ്യത്യസ്ത വകഭേദങ്ങളിലുള്ള കൊറോണ വൈറസ് പിടിപെട്ടതായി ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച പഠനം ആഗോള ശാസ്ത്ര ജേര്‍ണലുകളില്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
ഇത്തരമൊരു പ്രതിഭാസം തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നു വാര്‍വിക് യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റും പ്രൊഫസറുമായ ലോറന്‍സ് യങ് പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. എങ്കിലേ ആഗോള തലത്തില്‍ നടക്കുന്ന വാക്‌സിനേഷനെ മറികടക്കാന്‍ പുതിയ വകഭേദങ്ങള്‍ക്ക് ശേഷിയുണ്ടോയെന്ന് വ്യക്തമാകൂ.