ജനീവ: കോവിഡിന്റെ ചൈനയിലെ ഉത്ഭവത്തെ കുറിച്ച് അറിയുന്നതിനായി രണ്ടാം ഘട്ട അന്വേഷണത്തിന് ഉത്തരവിട്ട് ലോകാരോഗ്യ സംഘടന. ചൈനയിലെ ലബോറട്ടറികളും മാര്‍ക്കറ്റുകളും ലക്ഷ്യംവെച്ചുള്ള അന്വേഷണമാണ് ഡബ്ല്യൂഎച്ച്ഒ മുന്നോട്ട് വച്ചിരിക്കുന്നത്. ലോക ആരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ആണ് പുതിയ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
കോവിഡ് വൈറസ് വ്യാപിച്ചെന്ന് കരുതുന്ന മത്സ്യമാര്‍ക്കറ്റ് ഉള്‍പ്പടെയുള്ള വുഹാനിലെ എല്ലാ മാംസ മാര്‍ക്കറ്റുകളും രണ്ടാം ഘട്ട പഠനത്തിന്റെ ഭാഗമാകണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. 2019ല്‍ മനുഷ്യരില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലബോറട്ടറികളും റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളും പഠനത്തിന്റെ പരിധിയില്‍ വരണമെന്നും ഗെബ്രിയേസസ് പറഞ്ഞു. വൈറസിന്റെ ഉത്ഭവം കണ്ടെത്തുക എന്നത് ശാസ്ത്രീയ പ്രവര്‍ത്തനമാണെന്നും ഇതില്‍ രാഷ്ട്രീയം കാണരുതെന്നും ഗബ്രിയേസസ് ആവശ്യപ്പെട്ടു. ചൈന സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.