ബെയ്ജിങ്: ചൈനയില്‍ കനത്ത മഴയില്‍ പല പ്രദേശങ്ങളിലും പ്രളയം. മധ്യ ചൈനയിലെ ചെന്‍ജൗ നഗരത്തിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശംവിതച്ചത്. 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.പ്രളയത്തില്‍ ആളുകളും വാഹനങ്ങളും ഒഴുകിപ്പോകുന്നതിന്റെയും വെള്ളംകയറിയ തീവണ്ടിയില്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിന്റെയും ഞെട്ടിക്കുന്ന അനവധി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
പ്രളയത്തില്‍ 12 പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ചൈന നല്‍കുന്ന ഔദ്യോഗിക വിവരമെങ്കിലും ഇതിനേക്കാളേറെ വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവരുന്ന ദൃശ്യങ്ങളും വിവരങ്ങളും സൂചിപ്പിക്കുന്നത്.
റെയിൽവേ സ്റ്റേഷനുകളും പാർപ്പിട സമുച്ചയങ്ങളുമെല്ലാം പ്രളയജലത്തിൽ മുങ്ങിപ്പോയിട്ടുണ്ട്. നിരവധി പേർ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ പലയിടത്തും തകരാറിലായിട്ടുണ്ട്.