പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: തെളിവ് ലഭിച്ചാല്‍ അന്വേഷിക്കാം : വിശദീകരണവുമായി ഇസ്രായേല്‍ കമ്പനി

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: തെളിവ് ലഭിച്ചാല്‍ അന്വേഷിക്കാം : വിശദീകരണവുമായി ഇസ്രായേല്‍ കമ്പനി

ടെല്‍ അവീവ് : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍  പ്രതികരണവുമായി പെഗാസസ് ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ ഇസ്രായേൽ കമ്പനി എന്‍ എസ് ഒ. തെളിവ് ലഭിച്ചാല്‍ അന്വേഷിക്കുമെന്നും സാങ്കേതിക വിദ്യ പെഗാസസ് ദുരുപയോഗം ചെയ്തു എന്നതിന് വിശ്വസനീയമാണെന്നു എന്‍ എസ് ഒ അറിയിച്ചു.

അതേസമയം മാധ്യമങ്ങളുടെ അന്വേഷണത്തോട് പ്രതികരിക്കാനില്ലെന്നും അവർ വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയക്കാർ, മാധ്യപ്രവർത്തകർ, ജുഡീഷ്യറി അംഗങ്ങൾ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവരുടെ ഫോണുകൾ പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് നിരീക്ഷിക്കുകയോ ചോർത്തുകയോ ചെയ്തുവെന്ന റിപ്പോർട്ടുകൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പുറത്തെത്തിയിരുന്നു. 

തങ്ങളുടെ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തതിന് വിശ്വസനീയമായ തെളിവു ലഭിച്ചാൽ ആവശ്യമെങ്കില്‍ ചാര സോഫ്റ്റ് വെയര്‍ തന്നെ നിർത്തലാക്കുമെന്നും കമ്പനി വക്താവ് പറഞ്ഞു.

എന്നാൽ ചോര്‍ത്തലിന് വിധേയമായ ചില ഫോണുകളില്‍ പെഗാസസ് പ്രവര്‍ത്തിച്ചിരുന്നതായി ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നാണ് വിവരം. ഭീകരവാദം, കുറ്റകൃത്യങ്ങൾ, പൊതുസുരക്ഷാ തുടങ്ങിയ കാര്യങ്ങൾക്കായി സർക്കാരുകൾക്ക് മാത്രമാണ് തങ്ങൾ സോഫ്റ്റ് വെയർ നൽകുന്നതെന്ന് എൻ.എസ്.ഒ. അവകാശപ്പെട്ടു.

ലിസ്റ്റിൽ ഉൾപ്പെട്ട നമ്പറുകൾക്ക് എൻ.എസ്.ഒ. ഗ്രൂപ്പുമായി ബന്ധമില്ലെന്നും അവർ പറഞ്ഞു. പെഗാസസ് ദുരുപയോഗം ചെയ്തെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ ഇസ്രായേൽ മുതിർന്ന മന്ത്രിമാരുടെ സംഘത്തെ നിയോഗിച്ചെന്ന വാർത്തയ്ക്കു പിന്നാലെയാണ് വിഷയവുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്ത് വരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.