ബീജിങ്: വുഹാനിലെ ലാബില്‍ വീണ്ടും പരിശോധന നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യത്തെ എതിര്‍ത്ത് ചൈന രംഗത്ത്. കൊറോണ വൈറസ് ചൈനയിലെ ലാബില്‍നിന്നാണോ ചോര്‍ന്നതെന്ന സംശയം അന്വേഷിക്കാനാണ് സംഘം വീണ്ടും വുഹാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും മാര്‍ക്കറ്റും സന്ദര്‍ശിക്കണമെന്ന് അറിയിച്ചത്. എന്നാല്‍, ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നു ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ ഉപമന്ത്രി ചെങ് യിക്‌സീന്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസാണു വുഹാനിലെ ലബോറട്ടറികള്‍ പരിശോധിക്കാനുള്ള പദ്ധതി മുന്നോട്ടുവച്ചത്. ആരോപണങ്ങള്‍ വസ്തുതകള്‍ക്കു നിരക്കാത്തതാണെന്നും വൈറസ് വുഹാനിലെ ലാബില്‍നിന്നു ചോര്‍ന്നതാണെന്നതിനു തെളിവുകളില്ലെന്നും ചൈന വ്യക്തമാക്കി. ലാബ് ലീക്ക് സിദ്ധാന്തം സാമാന്യബുദ്ധിക്കും ശാസ്ത്രത്തിനും നിരക്കാത്ത അപവാദപ്രചാരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാനുള്ള നിര്‍ദേശം തങ്ങള്‍ക്കു സ്വീകരിക്കാന്‍ കഴിയില്ലെന്നും ചെങ് യിക്‌സീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് ലോകത്താദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയതത്. യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് കോവിഡ്-19 ചൈന സൃഷടിച്ചതാണെന്ന ആരോപണവുമായി ആദ്യം രംഗത്തുവന്നത്. പകര്‍ച്ചവ്യാധിയുടെ ആദ്യ ദിവസങ്ങളില്‍ വുഹാനില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചൈന ഒരിക്കലും സുതാര്യമായി പറഞ്ഞിട്ടില്ലെന്ന് യു.എസ് ആരോപിക്കുന്നു. വിഷയം അമേരിക്കയും സഖ്യകക്ഷികളുമായുള്ള ചൈനയുടെ നയതന്ത്രബന്ധത്തെ വരെ ബാധിക്കുന്ന രീതിയില്‍ വഷളായിക്കഴിഞ്ഞു.
ഒന്നാംഘട്ട അന്വേഷണത്തില്‍ വവ്വാലില്‍നിന്ന് മറ്റൊരു മൃഗത്തിലൂടെയാകാം മനുഷ്യരില്‍ കൊറോണ വൈറസ് പ്രവേശിച്ചതെന്ന നിഗമനത്തിലാണ് ഡബ്ല്യൂ.എച്ച്.ഒയുടെ ശാസ്ത്രസംഘം എത്തിയത്. എന്നാല്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും പഠനത്തിന്റെ ഭാഗമാക്കി കൂടുതല്‍ അന്വേഷണം വേണമെന്ന് അമേരിക്കയും സഖ്യരാജ്യങ്ങളും ആവശ്യമുയര്‍ത്തിയിരുന്നു.
വുഹാന്‍ ലാബില്‍ മനുഷ്യരെ നേരിട്ട് ബാധിക്കുന്ന വൈറസ് സൂക്ഷിച്ചിട്ടില്ലെന്നു ചെങ് യിക്‌സീന്‍ പറഞ്ഞു. ലാബ് ചോര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നു പറഞ്ഞാണ് മുന്‍പ് നടത്തിയ അന്വേഷണം ലോകാരോഗ്യ സംഘടനയുടെ ശാസ്ത്രസംഘം അവസാനിപ്പിച്ചത്. ലാബിലെ ഉദ്യോഗസ്ഥര്‍ക്കും ബിരുദ വിദ്യാര്‍ഥികള്‍ക്കും കോവിഡ് ബാധിച്ചതായും നഗരത്തില്‍ വൈറസ് പടര്‍ന്നതായുമുള്ള യുഎസിന്റെ ഊഹാപോഹങ്ങള്‍ അസത്യമാണെന്നും ചെങ് യിക്‌സീന്‍ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ ചൈന സഹകരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നും ഡോ. ടെഡ്രോസ് കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു.