സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണിനെതിരേ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍. കോവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ജനം തെരുവിലിറങ്ങിയത്. പലയിടത്തും പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. നാനൂറോളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്ബന്‍ തുടങ്ങി പ്രധാന നഗരങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. ഗതാഗതം ഉള്‍പ്പെടെ തടഞ്ഞാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. നിരവധി പേരെ അറസ്റ്റ് ചെയ്തു.
പ്രതിഷേധക്കാരില്‍ ഒരാളെ അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്ന പോലീസ്
സിഡ്‌നിയില്‍ 3,500-ല്‍ അധികം പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ഇതില്‍ 57 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 90 ലധികം പേര്‍ക്ക് നോട്ടീസ് നല്‍കി. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണു പോലീസ് നല്‍കുന്ന വിവരം.
പ്രതിഷേധത്തില്‍ പങ്കെടുത്ത യുവതിക്ക് നിര്‍ബന്ധപൂര്‍വം മാസ്‌ക് ധരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥ
സിഡ്‌നി ടൗണ്‍ഹാളിന് എതിര്‍വശത്ത് പ്രതിഷേധക്കാര്‍ പോലീസുകാര്‍ക്കു നേരെ കല്ലെറിഞ്ഞു. ജോര്‍ജ് സ്ട്രീറ്റില്‍ സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. കുട്ടികള്‍ ഉള്‍പ്പെടെയാണ് ചില പ്രതിഷേധക്കാര്‍ എത്തിയത്.
ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ അണിനിരന്ന മാര്‍ച്ചിനെതുടര്‍ന്ന് സെന്‍ട്രല്‍ സിഡ്‌നിയും മണിക്കൂറുകളോളം സ്തംഭിച്ചു. നിരവധി പേരെ അറസ്റ്റ് ചെയ്തു. കോവിഡ് ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതിനാല്‍ ഗ്രേറ്റര്‍ സിഡ്നിയിലും പരിസരപ്രദേശങ്ങളിലും നാല് ആഴ്ചയോളമായി ജനങ്ങള്‍ ലോക്ക്ഡൗണിലാണ്. വെള്ളിയാഴ്ച രാത്രി എട്ടു മണി വരെയുള്ള 24 മണിക്കൂറിനുള്ളില്‍ 163 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിഷേധക്കാരെ തിരിച്ചറിയുമെന്ന് ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാന മന്ത്രി ഡേവിഡ് എലിയട്ട് പറഞ്ഞു. ഇൗ ദിവസങ്ങളില്‍ പോലീസില്‍ നിന്ന് ഒരു കോള്‍ പ്രതീക്ഷിക്കാമെന്ന് മന്ത്രി പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി. ഇവര്‍ കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധക്കാരില്‍ ഒരാള്‍ക്കെങ്കിലും കോവിഡ് ഉണ്ടാകുമെന്ന് ഉറപ്പാണ്. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി 3,500 പേരും കോവിഡ് പരിശോധന നടത്തണം-മന്ത്രി അഭ്യര്‍ത്ഥിച്ചു.
ലോക്ഡൗണിനെതിരേ നടന്ന പ്രതിഷേധ പ്രകടനം
പ്രക്ഷോഭകരുടെ സ്വാര്‍ത്ഥമായ നടപടി മൂലം സമൂഹം വലിയ ഭീഷണിയാണു നേരിടുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്ന പൗരന്മാരോട് കടുത്ത അവഹേളനമാണ് പ്രതിഷേധക്കാര്‍ കാട്ടിയതെന്നു ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയന്‍ പറഞ്ഞു. ലോക്ഡൗണ്‍ സമയത്തുള്ള ഇത്തരം പ്രകടനങ്ങള്‍ നിയമവിരുദ്ധമാണ്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നിയമപ്രകാരമുള്ള കടുത്ത ശിക്ഷ നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മെല്‍ബണ്‍, ബ്രിസ്ബന്‍ എന്നിവിടങ്ങളില്‍ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് ചെറിയ പ്രകടനങ്ങള്‍ നടന്നു.