സിഡ്‌നി: ഓസ്‌ട്രേലിയയിലെ പ്രധാന നഗരങ്ങളില്‍ ഇന്നലെ ലോക്ഡൗണിനെതിരേ നടന്ന പ്രകടനങ്ങള്‍ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന് ആശങ്ക. കോവിഡ് നിയന്ത്രണങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്ബന്‍ എന്നിവിടങ്ങളില്‍ മൂവായിരത്തിലധികം ആളുകള്‍ അണിനിരന്ന പ്രകടനങ്ങള്‍ നടന്നത്. പ്രതിഷേധക്കാരുടെ അതിരുവിട്ട പ്രവൃത്തി ഓസ്‌ട്രേലിയയില്‍ രോഗ വ്യാപനം രൂക്ഷമാകാന്‍ കാരണമാകുമെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലവും പാലിക്കാതെയും പ്രകടനത്തില്‍ പങ്കെടുത്ത പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും നാനൂറോളം പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യം കോവിഡ് ഡെല്‍റ്റ വകഭേദത്തോടു പൊരുതുന്ന സാഹചര്യത്തില്‍ നടന്ന പ്രതിഷേധത്തെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.
സെന്‍ട്രല്‍ സിഡ്നിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത 3,000-ല്‍ അധികം പേരെ തിരിച്ചറിയാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സമൂഹ മാധ്യമങ്ങള്‍, സിസിടിവി, പോലീസ് ധരിച്ചിരുന്ന ബോഡി കാമറകള്‍ എന്നിവ പരിശോധിച്ചാണ് പ്രതിഷേധക്കാരെ തിരിച്ചറിയാന്‍ ശ്രമിക്കുന്നത്. ഇതിനകം ഇരുന്നൂറോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിഷേധിച്ചവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പ്രതിഷേധം സംഘടിപ്പിക്കാന്‍ സംഘാടകര്‍ അനുമതിക്ക് അപേക്ഷിച്ചിരുന്നെങ്കിലും പോലീസ് അത് നിരസിച്ചിരുന്നു.
ഞായറാഴ്ച 63 പേര്‍ക്കെതിരേ കേസെടുത്തതായും 35 പേരെ അറസ്റ്റ് ചെയ്തതായും 16 പേരെ കോടതിയില്‍ ഹാജരാക്കിയതായും ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാന മന്ത്രി ഡേവിഡ് എലിയറ്റ് പറഞ്ഞു. പോലീസ് കുതിരകളെ ഉപദ്രവിച്ചതിന് സറി ഹില്‍സ്, എഡെന്‍സര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് ചെറുപ്പക്കാരെ പോലീസ് പിടികൂടി. ഇവര്‍ക്കു ജാമ്യം നിഷേധിച്ചു.
ഗ്രേറ്റര്‍ സിഡ്‌നിയിലും പരിസരപ്രദേശങ്ങളിലും നാല് ആഴ്ചയോളമായി ജനങ്ങള്‍ ലോക്ക്ഡൗണിലാണ്. വെള്ളിയാഴ്ച രാത്രി എട്ടു മണി വരെയുള്ള 24 മണിക്കൂറിനുള്ളില്‍ 163 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരാളെങ്കിലും കോവിഡ് രോഗിയാകാന്‍ സാധ്യതയുണ്ടെന്നു ഡേവിഡ് എലിയറ്റ് പറഞ്ഞു.
കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ കോവിഡ് പരിശോധന നടത്തണമെന്നും നെഗറ്റീവ് ഫലം ലഭിക്കുന്നതു വരെ ക്വാറന്റീനിലിരിക്കാനും മന്ത്രി അഭ്യര്‍ഥിച്ചിരുന്നു.
പ്രകടനങ്ങള്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ ഇടയായിട്ടുണ്ടെങ്കില്‍ കുറഞ്ഞത് 48 മണിക്കൂര്‍ നേരത്തേക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അറിയാന്‍ സാധിക്കില്ലെന്നു ഡീക്കിന്‍ സര്‍വകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റ് കാതറിന്‍ ബെന്നറ്റ് പറഞ്ഞു. ഇത്തരം പരിപാടികള്‍ പല പ്രദേശങ്ങളിലുള്ള അപരിചിതരായവരെ ഒരുമിച്ചുകൊണ്ടു വരുന്നു. ഡെല്‍റ്റ വകഭേദം ബാധിച്ചവരില്‍നിന്ന് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗം പകരാനിടയുണ്ട്. പ്രതിഷേധക്കാരില്‍ രോഗം ബാധിച്ചവരുണ്ടെങ്കില്‍ വൈറസ് അതിവേഗത്തില്‍ കൂടുതല്‍ പേരിലേക്കു പകരാന്‍ സാധ്യതയുണ്ട്. ആളുകളുടെ എണ്ണം മൂലം കോവിഡ് വ്യാപനം നിയന്ത്രിക്കാനോ ഉറവിടം കണ്ടെത്താനോ സാധ്യത കുറവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.