ഷാർജ : 14 ലക്ഷം വിലമതിക്കുന്ന 662 ലാപ്‌ടോപ്പുകൾ മോഷ്ടിച്ച സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. വ്യാവസായിക മേഖലയിലെ ഇലക്‌ട്രോണിക് കമ്പനിയുടെ ഗോഡൗണിൽനിന്നാണ് മോഷണം നടന്നതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ കേണൽ ഒമർ അഹ്മദ് അബു അൽസൂദ് പറഞ്ഞു.
രണ്ട് വാഹനങ്ങളിലായാണ് പ്രതികൾ ലാപ്‌ടോപ്പുകൾ കടത്താൻ ശ്രമിച്ചത്. നിരീക്ഷണക്യാമറകൾ നശിപ്പിച്ചുകൊണ്ടായിരുന്നു നീക്കം. ലാപ്‌ടോപ്പുകളുടെ വിൽപ്പനയ്ക്ക് മറ്റൊരു വ്യക്തിയുമായി കരാർ ഉറപ്പിച്ചശേഷമായിരുന്നു മോഷണമെന്നും അബു അൽസൂദ് പറഞ്ഞു. സുരക്ഷാഗാർഡുകളെ നിയമിച്ച് വേർഹൗസുകൾക്ക് സമീപം സുരക്ഷ ഉറപ്പുവരുത്താൻ പോലീസ് ഉദ്യോഗസ്ഥരോട് അദ്ദേഹം അഭ്യർഥിച്ചു. അടിയന്തരസാഹചര്യങ്ങളിൽ 80040, 901 എന്ന നമ്പറുകളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.