ന്യൂഡല്‍ഹി: പങ്കാളിയുടെ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോര്‍ഡ് ചെയ്തത് വിവാഹമോചന കേസുകളില്‍ തെളിവായി പരിഗണിക്കാമെന്ന് സുപ്രീം കോടതി.
ഇത്തരം തെളിവുകള്‍ സ്വീകരിക്കാനാകില്ലെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഇത് മൗലികാവകാശ ലംഘനമല്ലെന്ന് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പങ്കാളി അറിയാതെ അവരുടെ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഇന്ത്യന്‍ തെളിവ് നിയമത്തിലെ 122-ാം വകുപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ്. അതിനാല്‍ കുടുംബ കോടതിയില്‍ ഇത് തെളിവായി സ്വീകാര്യമല്ലെന്നുമാണ് ഹൈക്കോടതി വിധിച്ചിരുന്നത്.
എന്നാല്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം എല്ലാ കേസുകളിലും നീതിയുക്തമായ വിചാരണ ഉറപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മൗലികാവകാശ ലംഘനത്തിന്റെ പേരില്‍ തെളിവ് മാറ്റി നിര്‍ത്താനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു.