'ഐഡ'യ്ക്കു പിന്നാലെ പേമാരിയും വെള്ളപ്പൊക്കവും; ന്യൂയോര്‍ക്കില്‍ ഏഴു മരണം, കനത്ത നാശം

 'ഐഡ'യ്ക്കു പിന്നാലെ പേമാരിയും വെള്ളപ്പൊക്കവും; ന്യൂയോര്‍ക്കില്‍ ഏഴു മരണം, കനത്ത നാശം


ന്യൂയോര്‍ക്ക് : 'ഐഡ' ചുഴലിക്കാറ്റ് ശക്തമായതിനെ തുടര്‍ന്നുണ്ടായ പേമാരിയലും വെള്ളപ്പൊക്കത്തിലും കനത്ത നാശം നേരിട്ട് ന്യൂയോര്‍ക്ക്.ഏഴു പേര്‍ മരണമടഞ്ഞു. നഗരത്തില്‍ മാത്രമല്ല, വടക്കു കിഴക്കന്‍ അമേരിക്കയില്‍ ഒന്നാകെ ഐഡ നാശം വിതച്ചിട്ടുണ്ട്.ദുരന്തം നേരിടുന്നതിന്റെ ഭാഗമായി ന്യൂയോര്‍ക്ക് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ന്യൂജേഴ്‌സിയിലും ന്യൂയോര്‍ക്കിലും കനത്ത മഴ തുടരുന്നു. ഇത് വെള്ളപ്പൊക്കത്തിന്റെ ആക്കം കൂട്ടി. മുട്ടൊപ്പം വെള്ളത്തിലാണ് ന്യൂയോര്‍ക്ക് നഗരത്തിലെ എല്ലാ റോഡുകളും. കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ ഒഴുകി നടക്കുന്നു കാറുകള്‍. വിമാനത്താവളത്തിലടക്കം വെള്ളം കയറി.അമേരിക്കയുടെ ദേശീയ കാലാവസ്ഥാ സര്‍വീസിന്റെ കണക്കനുസരിച്ച് നെവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ ബുധനാഴ്ച രാത്രി 8 നും 9 നും ഇടയില്‍ 3.24 ഇഞ്ച് മഴയാണുണ്ടായത്.

വിമാനത്താവളത്തിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായതിനെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാഗേജ് പ്രദേശം വെള്ളത്തിനടിയിലായി. ഉദ്യോഗസ്ഥരും ജീവനക്കാരും എസ്‌കലേറ്ററുകളില്‍ അഭയം തേടി്. ന്യൂയോര്‍ക്കിലെ സബ് വേകളും വെള്ളത്തിനടിയിലാണ്. വെള്ളം കയറുന്ന ഭീതികരമായ ദൃശ്യങ്ങള്‍ പലരും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചുകൊണ്ടിരിക്കുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലൂസിയാനയില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.