ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണം( എസ്‌ഐആര്‍) രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണം അടുത്ത മാസം മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശമുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിളിച്ച യോഗത്തിലാണ് നിര്‍ദേശം.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ നടത്തിയ വോട്ടര്‍ പട്ടിക പരിഷ്‌കരണം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ വരെ കേസ് ഇപ്പോഴും നടക്കുന്നുണ്ട്. അതേസമയം ബിഹാര്‍ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് തന്നെ എസ്ഐആര്‍ പ്രഖ്യാപനം ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറോടെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നും അങ്ങനെ വന്നാല്‍ ഒക്ടോബര്‍ മുതല്‍ പരിഷ്‌കരണം ആരംഭിക്കാമെന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ അറിയിച്ചു.
വോട്ടര്‍മാരെ പരിശോധിക്കാന്‍ ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സിഇഒമാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.