അധ്യാപര്‍ക്ക് യോഗ്യതാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി ദുബായ്

അധ്യാപര്‍ക്ക് യോഗ്യതാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി ദുബായ്

ദുബായ്: അധ്യാപക നിയമനത്തില്‍ പുതിയ ചട്ടങ്ങള്‍ പ്രഖ്യാപിച്ച് ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ). സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകരുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നടപടികളില്‍ പുതിയ യോഗ്യതകള്‍, പെരുമാറ്റച്ചട്ടങ്ങള്‍ എന്നിവയും ഉള്‍പ്പെടും.

പുതിയ അധ്യാപകരെ നിയമിക്കുമ്പോള്‍ കെഎച്ച്ഡിഎ അംഗീകരിച്ച യോഗ്യതകള്‍ ഉണ്ടാകണം. സ്‌കൂളില്‍ നിലവിലുള്ള അധ്യാപകര്‍ക്ക് പുതുതായി പ്രഖ്യാപിച്ച യോഗ്യതകള്‍ നേടാന്‍ 2028 സെപ്റ്റംബര്‍ വരെ സമയം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഏപ്രിലില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്ന സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് 2029 ഏപ്രില്‍ വരെ സമയം ലഭിക്കും.

ഒരു അക്കാഡമിക് ടേമിന്റെയോ സെമസ്റ്ററിന്റെയോ ഇടയ്ക്ക് വച്ച് പിരിഞ്ഞുപോകുന്ന അധ്യാപകര്‍ അവര്‍ അവരുടെ നോട്ടീസ് കാലാവധി പൂര്‍ത്തിയാക്കിയാലും ഇല്ലെങ്കിലും-ദുബൈയിലെ മറ്റൊരു സ്വകാര്യ സ്‌കൂളില്‍ അധ്യാപക ജോലിയില്‍ ചേരുന്നതിന് 90 ദിവസം കാത്തിരിക്കണം. നോട്ടീസ് കാലാവധി പൂര്‍ത്തിയാക്കി ഒരു ടേമിന്റെയോ സെമസ്റ്ററിന്റെയോ അവസാനം പിരിഞ്ഞുപോകുന്ന അധ്യാപകര്‍ക്ക് ഈ നിയമം ബാധകമല്ല.

ദുബായിലെ സ്വകാര്യ സ്‌കൂളുകളില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കെഎച്ച്ഡിഎ പുറത്തിറക്കിയ ഗൈഡിലാണ് പുതിയ നടപടികള്‍ വിശദീകരിച്ചിട്ടുള്ളത്. എല്ലാ സ്വകാര്യ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്. പുതുതായി നിയമിക്കപ്പെടുന്നവര്‍ക്ക് ഈ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാണ്. അധ്യാപകരുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്.

സ്‌കൂളുകള്‍, എച്ച്ആര്‍ പ്രൊഫഷണലുകള്‍, ഗവേണിങ് ബോര്‍ഡുകള്‍ എന്നിവര്‍ക്കായി പുതിയ നടപടികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബ്രീഫിങ് സെഷനുകള്‍ നടത്തും. ഗൈഡ് ഇപ്പോള്‍ കെഎച്ച്ഡിഎ വെബ്സൈറ്റില്‍ ലഭ്യമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.