അഡ്‌ലെയ്ഡ്: ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് മുന്നേറിയ ഓസ്‌ട്രേലിയന്‍ ടീമിന് വീണ്ടും തിരിച്ചടി. കോവിഡ് പോസിറ്റീവായ ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെതുടര്‍ന്ന് നായകന്‍ പാറ്റ് കമ്മിന്‍സ് രണ്ടാം ടെസ്റ്റില്‍നിന്ന് വിട്ടുനില്‍ക്കും. താരത്തിന്റെ പരിശോധനാഫലം നെഗറ്റീവാണെങ്കിലും ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയണമെന്നാണ് നിര്‍ദേശം. ഇതോടെ കമ്മിന്‍സിന് പകരം മുന്‍ നായകനും വൈസ് ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്ത് ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കും. 31 വയസുകാരനായ സ്മിത്ത് ഇതിനു മുന്‍പും ഓസ്‌ട്രേലിയയെ നയിച്ചിട്ടുണ്ട്.
2018-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് സ്മിത്തിനെ നായകസ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. രണ്ട് വര്‍ഷത്തേക്കു താരത്തിന് വിലക്കും ലഭിച്ചു. കഴിഞ്ഞ വര്‍ഷമാണ് വിലക്ക് അവസാനിച്ചത്.
ആദ്യ ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസ്ട്രേലിയ വിജയം നേടിയിരുന്നു. ആകെ അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
അടുത്തിടെ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച് വിവാദത്തിലായതിനെതുടര്‍ന്ന് ടിം പെയ്ന്‍ നായകസ്ഥാനം രാജിവച്ചതോടെയാണ് പാറ്റ് കമ്മിന്‍സ് പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത്. ആഷസ് പരമ്പര തൊട്ടുമുന്‍പില്‍ നില്‍ക്കെ പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നായകന്‍ രണ്ടാം ടെസ്റ്റില്‍നിന്നു വിട്ടുനില്‍ക്കുന്നത്.