മോസ്‌കോ: ഫിഫയ്ക്ക് ബദലായി മറ്റൊരു ലോകകപ്പ് ടൂര്‍ണമെന്റ് നടത്താനൊരുങ്ങി റഷ്യ. 2026 ല്‍ യുഎസ്എ, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിനൊപ്പം സമാന്തര ലോകകപ്പ് നടത്താന്‍ റഷ്യയ്ക്ക് പദ്ധതിയുണ്ടെന്നാണ് അഭ്യൂഹം. ഉക്രെയ്‌നിലെ സൈനിക നടപടിയെ തുടര്‍ന്ന് 2022 ഫെബ്രുവരി മുതല്‍ റഷ്യയ്ക്ക് ഫിഫയുടെയും യുവേഫയുടെയും എല്ലാ മത്സരങ്ങളിലും വിലക്കുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി യുവേഫയ്ക്ക് പുറത്തുള്ള ടീമുകളുമായി സൗഹൃദ മത്സരങ്ങള്‍ മാത്രമാണ് റഷ്യ കളിക്കുന്നത്. 2018 ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിലാണ് റഷ്യ അവസാനമായി ഒരു ഫിഫ ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ഇതിനെ തുടര്‍ന്നാണ് ബദല്‍ ലോകകപ്പിന് റഷ്യ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
2026 ലെ ലോകകപ്പ് നടക്കുന്ന അതേ സമയത്ത് റഷ്യയില്‍ ഒരു സമാന്തര രാജ്യാന്തര ടൂര്‍ണമെന്റ് സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ഫിഫ ലോകകപ്പിന് യോഗ്യത നേടാനാകാത്ത ടീമുകളായിരിക്കും അതില്‍ പങ്കെടുക്കുക. നൈജീരിയ, കാമറൂണ്‍, ചൈന, ഗ്രീസ്, സെര്‍ബിയ, ചിലി, പെറു, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളെ ക്ഷണിച്ചേക്കുമെന്നാണ് സൂചന.