ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പരിക്കേറ്റ് ചികത്സയില്‍ കഴിയുന്ന അഹമ്മദ് അല്‍ അഹമ്മദിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍.
സിഡ്‌നി: ബോണ്ടി ബീച്ചില്‍ കൂട്ടക്കൊല നടത്തിയ ഭീകരരില്‍ ഒരാളുടെ തോക്ക് പിടിച്ചെടുത്ത സിറിയന്‍ വംശജന്‍ അഹമ്മദ് അല്‍ അഹമ്മദിന് സഹായ ഹസ്തവുമായി ഓസ്‌ട്രേലിയക്കാര്‍.
അക്രമിയുടെ വെടിയേറ്റു ചികിത്സയില്‍ കഴിയുന്ന അഹമ്മദിന് വേണ്ടി ഓണ്‍ലൈനിലൂടെ 23 ലക്ഷം ഓസ്ട്രേലിയന്‍ ഡോളറാണ് (ഏകദേശം 14 കോടി രൂപ) ഇതുവരെ സംഭാവനയായെത്തിയത്. ചൊവ്വാഴ്ച രാത്രിവരെ 40,000 പേരാണ് സംഭാവന നല്‍കിയത്. അമേരിക്കന്‍ കോടീശ്വരന്‍ വില്യം ആക്മാന്‍ മാത്രം 99,000 ഓസ്ട്രേലിയന്‍ ഡോളര്‍ (60 ലക്ഷത്തോളം രൂപ) നല്‍കി.
ഞായറാഴ്ച സുഹൃത്തിനൊപ്പം കാപ്പി കുടിക്കാന്‍ ബീച്ചിലെത്തിയപ്പോഴാണ് അല്‍ അഹമ്മദ് അക്രമം നേരിട്ടുകണ്ടതും അക്രമികളില്‍ ഒരാളെ നേരിട്ടതും. ഇതിനിടെ ഇദേഹത്തിന്റെ കൈയില്‍ രണ്ട് വെടിയേറ്റു. ഒരു ശസ്ത്രക്രിയ പൂര്‍ത്താക്കിയെങ്കിലും ഇനിയും വേണ്ടി വരുമെന്നാണ് സൂചന.
വിവാഹിതനും രണ്ട് പെണ്‍മക്കളുടെ അച്ഛനുമാണ് നാല്‍പ്പത്തിനാലുകാരനായ അഹമ്മദ്. 2006 ല്‍ ഓസ്ട്രേലിയയിലെത്തിയ ഇദേഹത്തിന് സിഡ്‌നിയില്‍ കച്ചവടമാണ്. തിന്മ വിളയാടിയ സന്ദര്‍ഭത്തില്‍ മനുഷ്യത്വത്തിന്റെ പ്രതീകമായി അല്‍ അഹമ്മദ് തെളിഞ്ഞു നിന്നെന്ന് ചൊവ്വാഴ്ച ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു.
ഹൈദരാബാദില്‍ നിന്ന് കുടിയേറിയ സാജിദ് അക്രവും മകന്‍ നവീദുമാണ് കൂട്ടക്കൊല നടത്തിയത്. സാജിദ് കൊല്ലപ്പെട്ടു. വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന നവീദിന്റെ പേരില്‍ 15 കൊലക്കുറ്റമുള്‍പ്പെടെ 59 കുറ്റങ്ങള്‍ ചുമത്തി.

അതേസമയം സംഭവത്തിന് പിന്നാലെ സിഡ്നിയിലും പരിസരങ്ങളിലും നാട്ടുകാര്‍ തോക്ക് വാങ്ങിക്കൂട്ടുന്നതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലരും ഒരേ ലൈസന്‍സില്‍ ഒന്നിലധികം തോക്കുകള്‍ വാങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
ന്യൂ സൗത്ത് വെയില്‍സില്‍ ചിലര്‍ ഒരു ലൈസന്‍സ് വഴി നിരവധി തോക്കുകളാണ് ആവശ്യപ്പെടുന്നത്. ഇവരില്‍ കൂടുതല്‍ പേരും സിഡ്‌നിക്ക് ചുറ്റും താമസിക്കുന്നവരാണ്. ഇവര്‍ ഡീലര്‍മാരോ തോക്കുകള്‍ ശേഖരിക്കുന്ന ഹോബിയുള്ളവരോ അല്ല. സിഡ്‌നിയിലെ ചില ഗണ്‍ ലൈസന്‍സുള്ള ഉടമകള്‍ക്ക് നൂറുകണക്കിന് തോക്കുകളുണ്ടെന്ന് ഫയര്‍ ആംസ് രജിസ്ട്രി ഡാറ്റ വ്യക്തമാക്കുന്നു.
തോക്ക് ലൈസന്‍സുള്ള ഏകദേശം 41 ശതമാനം പേരും സിഡ്‌നി, ന്യൂകാസില്‍, വോല്ലൊന്‍ഗോങ് തുടങ്ങിയ പ്രധാന നഗരങ്ങളില്‍ താമസിക്കുന്നവരാണ്. സിഡ്‌നിയില്‍ തോക്ക് കൈവശം വയ്ക്കാന്‍ ലൈസന്‍സുള്ള ഒരാള്‍ മൂന്നോ അതിലധികമോ തോക്കുകള്‍ സ്വന്തമാക്കുന്നുണ്ട്.
തെക്ക്-പടിഞ്ഞാറന്‍ സിഡ്‌നിയിലെ കാംഡെന്‍ ആണ് ഏറ്റവും കൂടുതല്‍ ലൈസന്‍സ് ഉള്ള തോക്ക് ഉടമകളുള്ളത്, 2,621 പേര്‍. വിന്‍ഡ്‌സര്‍ (2,232), ലിവര്‍പൂള്‍ (2,010), വയോങ് (1,736), ഗോസ്‌ഫോര്‍ഡ് (1,587), കാംപ്‌ബെല്‍ടൗണ്‍ (1,433) എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ കണക്കുകള്‍.
രാജ്യത്ത് 40 ലക്ഷത്തിലധികം തോക്കുകള്‍ പൊതുജനങ്ങള്‍ നിയമപരമായി കൈവശം വെക്കുന്നുണ്ടെന്ന് ദി ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിയമപരമായി രജിസ്റ്റര്‍ ചെയ്ത തോക്കുകള്‍ക്ക് പുറമെ, രാജ്യത്തൊട്ടാകെ ഏകദേശം രണ്ട് ലക്ഷത്തിലധികം അനധികൃത തോക്കുകളുണ്ടെന്നാണ് കണക്കുകള്‍.