കണ്ണൂരില്‍ ഇനി 'ഇന്ദിര ഭരണം'; അഡ്വ. പി. ഇന്ദിര കണ്ണൂര്‍ മേയര്‍

കണ്ണൂരില്‍ ഇനി 'ഇന്ദിര ഭരണം'; അഡ്വ. പി. ഇന്ദിര കണ്ണൂര്‍ മേയര്‍

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് അഡ്വ. പി. ഇന്ദിര കണ്ണൂര്‍ മേയര്‍. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. ഐകകണ്ഠ്യേനെയാണ് ഇന്ദിരയെ മേയറാക്കാന്‍ തീരുമാനിച്ചതെന്ന് സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ തവണ ഡെപ്യൂട്ടി മേയറായിരുന്നു പി. ഇന്ദിര.

കോണ്‍ഗ്രസ് വിമത ഉള്‍പ്പെടെ നാല് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച പയ്യാമ്പലത്തുനിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്. 2015 ല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ആയതു മുതല്‍ ഇന്ദിര കൗണ്‍സിലറാണ്. മൂന്ന് തവണയും മത്സരിച്ചത് മൂന്ന് ഡിവിഷനുകളിലാണ്.

ഭരണ പരിചയവും നേതൃത്വത്തിന്റെ പിന്‍തുണയുമായ ഇന്ദിരയ്ക്ക് തുണയായത്. മേയര്‍ സ്ഥാനാര്‍ത്ഥിയായി ഇന്ദിര വരുമ്പോള്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം മുസ്ലിം ലീഗിനാണ്. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി താഹിര്‍ ഡെപ്യൂട്ടി മേയറായേക്കും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കഴിഞ്ഞ 2020 ല്‍ നേടിയ ഡിവിഷനുകള്‍ നിലനിര്‍ത്താന്‍ സാധിച്ചില്ല. യുഡിഎഫും എന്‍ഡിഎയും സീറ്റുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ എസ്ഡിപിഐ ആദ്യമായി അക്കൗണ്ട് തുറക്കുകയും ചെയ്തു.

56 ഡിവിഷനുകളില്‍ 36 ല്‍ യുഡിഎഫ് വിജയിച്ചു. ഇടതുമുന്നണി 15 ഡിവിഷനുകളില്‍ ഒതുങ്ങി. ഒരു സീറ്റ് ഉണ്ടായിരുന്ന എന്‍ഡിഎക്ക് ഇത്തവണ നാല് സീറ്റില്‍ ജയിക്കാനായി.

പഴയങ്ങാടി വെങ്ങരയില്‍ പരേതനായ ബാലകൃഷ്ണന്‍-ശാന്ത ദമ്പതികളുടെ മകളാണ് പുതിയ മേയര്‍ ഇന്ദിര. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്കുള്ള ഇന്ദിരയുടെ വരവ്.

കണ്ണൂര്‍ പള്ളിക്കുന്നിലെ കൃഷ്ണ മേനോന്‍ കോളജില്‍ എത്തിയതോടെ കെ.എസ്.യുവിന്റെ തീപ്പൊരി പ്രവര്‍ത്തകയായി. എസ്എഫ്ഐക്ക് ആധിപത്യമുള്ള കോളജില്‍ ചെയര്‍പേഴ്സനായി അട്ടിമറി വിജയം നേടി. കൃഷ്ണമേനോന്‍ കോളജിലെ ആദ്യത്തെ കെ.എസ്.യു ചെയര്‍പേഴ്സനാണ് ഇന്ദിര.

1991 ല്‍ ജില്ലാ കൗണ്‍സിലില്‍ പി.കെ ശ്രീമതിക്കെതിരെയും മത്സരിച്ചു. അഭിഭാഷക ജോലിക്കൊപ്പം സജീവ രാഷ്ട്രീയവും കൂടെ കൂട്ടിയ ഇന്ദിര 2011 ല്‍ കല്യാശേരി നിയമസഭാ മണ്ഡലത്തില്‍ ടി.വി രാജേഷിനെതിരെ മത്സരിച്ചെങ്കിലും സി.പി.എം ഉരുക്കുകോട്ടയില്‍ ജയിക്കാനായില്ല.

കോണ്‍ഗ്രസിന്റെ അഭിഭാഷക സംഘടനയായ ലോയേഴ്സ് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, സംസ്ഥാന ഭാരവാഹി, കണ്ണൂര്‍ വിമന്‍സ് ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അധ്യക്ഷ, ഒബിസി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, കിസാന്‍ സഭ വൈസ് പ്രസിഡന്റ്, വസുധ ഗ്ലോബല്‍ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ എന്നിങ്ങനെ വിവിധ പദവികളില്‍ പ്രവര്‍ത്തിച്ചു. കെ.വി പ്രേമാനന്ദാണ് (സ്‌കൂള്‍ ഓഫ് മാത്തമറ്റിക്സ് ) ഭര്‍ത്താവ്. മക്കള്‍: അക്ഷത, നീരജ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.