സിഡ്‌നി കൂട്ടക്കൊല : അക്രമി തോക്ക് ഉപയോഗിക്കാൻ പരിശീലനം നേടിയത് മാസങ്ങൾക്ക് മുമ്പ് ; ലക്ഷ്യം വെച്ചത് നിഷ്കളങ്കരെ

സിഡ്‌നി കൂട്ടക്കൊല : അക്രമി തോക്ക് ഉപയോഗിക്കാൻ പരിശീലനം നേടിയത് മാസങ്ങൾക്ക് മുമ്പ് ; ലക്ഷ്യം വെച്ചത് നിഷ്കളങ്കരെ

സിഡ്‌നി : ഓസ്‌ട്രേലിയയെ നടുക്കിയ ബോണ്ടി ബീച്ചിലെ വെടിവെപ്പിലെ പ്രതി നവീദ് അക്രം തോക്ക് ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധ പരിശീലനം നേടിയിരുന്നെന്ന് റിപ്പോർട്ടുകൾ. പത്തു വയസുകാരി മാറ്റിൽഡ ഉൾപ്പെടെ 15 പേരുടെ ജീവനെടുത്ത ക്രൂരതയ്ക്ക് പിന്നിൽ കൃത്യമായ പ്ലാനിംഗ് ഉണ്ടായിരുന്നതായാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.

ഈ വർഷം ജൂണിൽ സിഡ്‌നിയിലെ ഒരു അംഗീകൃത ഷൂട്ടിംഗ് റേഞ്ചിൽ നവീദ് പരിശീലനം തേടിയിരുന്നതായി പോലീസ് കണ്ടെത്തി. 'ഹണ്ടിങ് ട്രെയിനിംഗ്' എന്ന വ്യാജേനയാണ് ഇയാൾ തോക്ക് കൈകാര്യം ചെയ്യാൻ പഠിച്ചത്. അഞ്ചു ദിവസത്തെ പരിശീലനത്തിന് ശേഷം ഇയാൾ തോക്ക് ഉപയോഗിക്കുന്നതിൽ പ്രാവീണ്യം നേടിയതായി ട്രെയിനിങ് സെന്ററിലെ രേഖകൾ വ്യക്തമാക്കുന്നു.

ആക്രമണ സമയത്ത് ഇയാൾ കാണിച്ച കൃത്യത പൊലീസിനെപ്പോലും ഞെട്ടിച്ചിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് ഇത്രയധികം ആളുകളെ വധിക്കാൻ ഇയാൾക്ക് സാധിച്ചത് മാസങ്ങൾ നീണ്ട ഈ പരിശീലനം കൊണ്ടാണെന്നാണ് പ്രാഥമിക നിഗമനം. ഉപയോഗിച്ച തോക്ക് ഇയാൾ നിയമവിരുദ്ധമായാണ് കൈക്കലാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

നവീദ് അക്രമിന് മറ്റേതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ഇയാളുടെ ഫോൺ രേഖകളും ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററിയും പരിശോധിച്ചതിൽ നിന്ന് ആക്രമണത്തിനായി ഇയാൾ നേരത്തെ തന്നെ സ്ഥലം സന്ദർശിച്ചിരുന്നതായും സൂചന ലഭിച്ചു.

രാജ്യം വിറങ്ങലിച്ചു നിന്ന ആ കറുത്ത ഞായറാഴ്ചയുടെ പിന്നിലെ ഓരോ രഹസ്യങ്ങളും പുറത്തു വരുമ്പോൾ കൂടുതൽ കർശനമായ തോക്ക് നിയന്ത്രണ നിയമങ്ങൾ നടപ്പിലാക്കണമെന്ന ആവശ്യവും ഓസ്‌ട്രേലിയയിൽ ശക്തമാവുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.