വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡണ്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്ന വാക്‌സിന്‍ വിരുദ്ധ പ്രക്ഷോഭര്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തി. ബേ ഓഫ് ഐലന്‍ഡ്സില്‍ വച്ചാണ് പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ കാര്‍ പിന്തുടര്‍ന്നത്.
കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വാക്‌സിനെ എതിര്‍ക്കുന്നവരുടെ സംഘം സഞ്ചരിച്ച വാഹനം പ്രധാനമന്ത്രിയുടെ കാറിനെ പിന്തുടരുകയും അവരെ 'നാസി' എന്നു വിളിക്കുകയും അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു. വാക്‌സിന്‍ വിരുദ്ധരുടെ വാഹനം പ്രധാനമന്ത്രിയുടെ കാര്‍ തടയാന്‍ ശ്രമിക്കുമ്പോള്‍, അത് ഒഴിവാക്കാന്‍ കാര്‍ റോഡരുകിലെ തിട്ടയിലേക്കു നീങ്ങുന്നതും കാണാം.
പ്രധാനമന്ത്രിക്കു നേരേ പലതരം മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ വിളിക്കുന്നുണ്ട്. 'നിങ്ങളെക്കുറിച്ച് ഓര്‍ത്ത് ലജ്ജതോന്നുന്നു എന്ന് ആക്രോശിക്കുന്നതും കേള്‍ക്കാം.
അതേസമയം തന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയില്ലെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡണ്‍ സംഭവത്തോടു പ്രതികരിച്ചു. 'ഈ ജോലിയില്‍ എല്ലാ ദിവസവും പുതിയതും വ്യത്യസ്തവുമായ അനുഭവങ്ങള്‍ നേരിടേണ്ടിവരും. ന്യൂസിലന്‍ഡില്‍ അസാധാരണമായ രോഗവ്യാപനമുള്ള ഒരു അന്തരീക്ഷത്തിലാണ് നാമിപ്പോള്‍. കാലക്രമേണ ഈ സമയവും കടന്നുപോകുമെന്ന് താന്‍ വിശ്വസിക്കുന്നതായി ജസീന്ദ ആര്‍ഡണ്‍ പറഞ്ഞു.
ന്യൂസിലന്‍ഡിലെ കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാഷ്ട്രീയക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും എതിരെ നിരവധി ഭീഷണികള്‍ ഉയരുന്നതിനിടയിലാണ് പുതിയ സംഭവം.
പാര്‍ലമെന്റിലേക്ക് ബോംബ് അയക്കുമെന്നും രാഷ്ട്രീയക്കാരെ വധിക്കുമെന്നും ഉള്‍പ്പെടെയുള്ള ഭീഷണികള്‍ ഉണ്ടായിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. ന്യൂസിലന്‍ഡ് പാര്‍ലമെന്റ് വാക്സിന്‍ വിരുദ്ധര്‍ ലക്ഷ്യമിടുന്നുവെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിരുന്നു.