മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനുള്ളില്‍ കയറി: അഞ്ച് പേര്‍ കസ്റ്റഡിയില്‍; കാറിനുള്ളില്‍ വാക്കിടോക്കി

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനുള്ളില്‍ കയറി: അഞ്ച് പേര്‍ കസ്റ്റഡിയില്‍; കാറിനുള്ളില്‍ വാക്കിടോക്കി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിലേക്ക് കയറിയ വാഹനവും അതിലുണ്ടായിരുന്ന അഞ്ച് പേരും പൊലീസ് കസ്റ്റഡിയില്‍. കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരുന്നതിനിടെയാണ് സംഭവം. രാത്രി പത്ത് മണിയോടെ എലത്തൂര്‍ എത്തുന്നതിന് മുമ്പ് ഈ വാഹനം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് കയറുകയായിരുന്നു.

പുറത്തു കടക്കാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും കാറിലുള്ളവര്‍ അനുസരിച്ചില്ല. ഇതേ തുടര്‍ന്നാണ് ചുങ്കത്ത് വച്ച് പൊലീസ് വാഹനം തടഞ്ഞ് വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. വാഹനം ഇപ്പോഴും നടക്കാവ് പോലീസ് സ്റ്റേഷനിലാണുള്ളത്.

പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഇലക്ട്രിക്ക് വര്‍ക്കുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു എന്നാണ് പറഞ്ഞത്. കാറിനുള്ളില്‍ നിന്ന് വാക്കിടോക്കി കണ്ടെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹമാണെന്ന് അറിയാതെയാണ് കയറിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.