കോട്ടയം: കേരള കോണ്‍ഗ്രസ് ഇടത് മുന്നണിയില്‍ തൃപ്തരാണെന്നും മുന്നണി വിടില്ലെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. പ്രാദേശിക സ്വാധീനം അനുസരിച്ച് തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ ഇന്ന് കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
ഓരോ ജില്ലയിലെയും സീറ്റുകളുടെ പട്ടിക തയ്യാറാക്കും. മലയോര മേഖലകളില്‍ കൂടുതല്‍ വാര്‍ഡുകള്‍ ആവശ്യപ്പെടും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളാണ് കേരള കോണ്‍ഗ്രസ് എം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. സിപിഎമ്മുമായി ചര്‍ച്ചകള്‍ തുടങ്ങാനും തീരുമാനിച്ചു.
പഞ്ചായത്തുകളില്‍ സീറ്റ് വര്‍ധിക്കുന്നത് അനുസരിച്ച് കേരള കോണ്‍ഗ്രസിന് പ്രാധാന്യം വേണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പ് സമയത്താണ് മുന്നണിയിലേക്ക് വന്നത്. അതുകൊണ്ട് അന്ന് കാര്യമായി സീറ്റ് ആവശ്യപ്പെടാനുള്ള സമയം ഉണ്ടായില്ല.
നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഫലം നോക്കി മുന്നണി മാറില്ല. യുഡിഎഫ് വിട്ട സമയം മുതല്‍ കേരള കോണ്‍ഗ്രസ് തിരിച്ചു വരും എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതാണെന്നും സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി.