ഗാന്ധിനഗര്‍: ഗുജറാത്തിലെ നവ്സാരിയിലുണ്ടായ കാര്‍ അപകടത്തിന്റെയും അത്ഭുത രക്ഷപ്പെടലിന്റെയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഫോര്‍ച്യൂണര്‍ കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടും അത്ഭുതമായി രക്ഷപ്പെടുന്ന മൂന്നു വയസുകാരന്റേതാണ് വീഡിയോ.
കാര്‍ വീടിന്റെ മുന്നില്‍ നിന്ന് കളിക്കുകയായിരുന്ന കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. വാഹത്തിന്റെ ബംബര്‍ ഭാഗം കുട്ടിയുടെ തലയില്‍ ഇടിച്ചതോടെ കുഞ്ഞ് നിലത്തു വീണു. തുടര്‍ന്ന് വാഹനം കുട്ടിയുടെ മുകളിലൂടെ കയറുകയായിരുന്നു. വീടിന് മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അപകടം കണ്ട് ഒരു സ്ത്രീ ഓടിവരുന്നതും ഡ്രൈവറെ ശകാരിക്കുന്നതും വിളിക്കുന്നതും കാണാമായിരുന്നു. ഇതിനിടെ കാര്‍ വീണ്ടും പിന്നിലേക്ക് എടുക്കുകയും സ്ത്രീ വീണ്ടും കയര്‍ക്കുകയും ചെയ്തു. ഒടുവില്‍ അവര്‍ കാറിനടിയില്‍ നിന്ന് കുഞ്ഞിനെ വലിച്ച് പുറത്തെടുക്കുകയായിരുന്നു. ഡ്രൈവര്‍ തക്ക സമയത്ത് കാര്‍ നിര്‍ത്തിയതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. കുഞ്ഞിന് കാര്യമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം.