ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഗാന്ധിപ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. മാന്‍ഹട്ടന്‍ യൂണിയന്‍ സ്‌ക്വയറിലെ എട്ട് അടി ഉയരമുള്ള പ്രതിമയാണ് അജ്ഞാതര്‍ തകര്‍ത്തത്.
ഗാന്ധിജിയുടെ 117-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 1986 ഒക്ടോബര്‍ രണ്ടിന് ഗാന്ധി മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ സമര്‍പ്പിച്ചതാണ് ഈ പ്രതിമ. ഗാന്ധി പ്രതിമ തകര്‍ത്ത സംഭവം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഗൗരവമുള്ള വിഷയമാണെന്നും ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു. വിഷയത്തില്‍ പ്രദേശിക അധികാരികളോടും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോടും വിശദീകരണം തേടിയിട്ടുണ്ട്.
കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ആവശ്യപ്പെട്ടു. സംഭവം ന്യൂയോര്‍ക്കിലെ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ഇത് ആദ്യമായല്ല യു.എസില്‍ ഗാന്ധി പ്രതിമ തകര്‍ക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കാലിഫോര്‍ണിയ സംസ്ഥാനത്തെ ഒരു പാര്‍ക്കിലെ ഗാന്ധി പ്രതിമ അജ്ഞാതര്‍ തകര്‍ത്തിരുന്നു.