ചിക്കാഗോ : ഫാസ്റ്റ്ഫുഡ് ഭീമനായ മക് ഡോണാൾഡ്സ് 2021 ൽ മാംസാധിഷ്ഠിത ഭക്ഷണങ്ങൾക്ക് പകരമായി സസ്യാധിഷ്ഠിത ഇറച്ചി ഭക്ഷണം - "മക് പ്ലാന്റ് " അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ബർഗറുകൾ, സാൻഡ് വിച്ചുകൾ എന്നിവ എല്ലാം തന്നെ സസ്യാധിഷ്ഠിത ഇറച്ചിയിലും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
2029 ഓടെ സസ്യാധിഷ്ഠിത ഇറച്ചിയുടെ ഉപഭോഗം 140 ബില്യൺ ഡോളർ ആയിരിക്കുമെന്ന് വിദഗ്‌ധർ പ്രവചിക്കുന്നു. കാനഡയിൽ മക് ഡോണാൾഡ്, സസ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഇറച്ചി ഉത്പാദിപ്പിക്കുന്ന കമ്പനിയായ ബിയോണ്ട് മീറ്റിനോടൊപ്പം ചേർന്ന് സസ്യാധിഷ്ഠിത ബർഗർ പരീക്ഷിച്ചു.
മാംസാഹരത്തിനു പകരം തേടിയുള്ള നീക്കത്തിന് പ്രധാനമായും കാരണമായത്, ആരോഗ്യം, പരിസ്ഥിതി, മൃഗക്ഷേമം എന്നിവയെ മാംസാഹാരം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ്. മാംസ രഹിത വിപണിയിൽ പ്രവേശിക്കാൻ മക് ഡൊണാൾഡ്സ് താരതമ്യേന വൈകിയിരിക്കുന്നു. വിപണിയിലെ മറ്റു ഫാസ്റ്റ് ഫുഡ് ബ്രാൻഡുകളായ ബർഗർ കിംഗ്, വൈറ്റ് കാസിൽ, ഡങ്കിൻ ബ്രാൻഡ്സ് ഗ്രൂപ്പ് എന്നിവർ അവരുടെ ഔട്ട്‌ലെറ്റുകളിൽ ഇതിനകം സസ്യാധിഷ്ഠിത ബർഗറുകൾ അവതരിപ്പിച്ചു കഴിഞ്ഞു.