ഷീ എവിടെയെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍; ദാ... ഇവിടെയെന്ന് പാര്‍ട്ടി മുഖപത്രം

ഷീ എവിടെയെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍; ദാ... ഇവിടെയെന്ന് പാര്‍ട്ടി മുഖപത്രം

ബീജിങ്: ബ്രസീലില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലെ അസാന്നിധ്യം അടക്കം ഏതാനും ആഴ്ചകളായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിനെ പൊതു പരിപാടികളില്‍ കാണാനില്ലെന്ന പാശ്ചാത്യ മാധ്യമ റിപ്പോര്‍ട്ടുകള്‍ പല അഭ്യൂഹങ്ങള്‍ക്കും തിരികൊളുത്തിയിരിക്കെ, അദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തു വിട്ട് പാര്‍ട്ടി മുഖപത്രം പീപ്പിള്‍സ് ഡെയ്ലി .

ജൂലൈ ഏഴിന് വടക്കന്‍ ചൈനയിലെ ഷാന്‍ഷീ പ്രവിശ്യയിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് ഇന്നലെ പുറത്തു വന്നത്. എല്ലാ ചിത്രങ്ങളിലും പേരിന് മുന്നില്‍ 'ചൈനീസ് പ്രസിഡന്റ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി, സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ ചെയര്‍മാന്‍' എന്നീ മൂന്ന് പദവികളും അടിക്കുറിപ്പായി രേഖപ്പെടുത്തിയിട്ടുമുണ്ട്.

പാര്‍ട്ടിയിലും സൈന്യത്തിലും അദേഹം തന്നെയാണ് പരമാധികാരി എന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഷീ തന്റെ ചില ഉത്തരവാദിത്വങ്ങള്‍ കൈമാറിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജൂണ്‍ 27 ന് ബീജിങില്‍ വച്ച് ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നൊബോവയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രവും പുറത്തു വന്നിട്ടുണ്ട്.

ബ്രസീലില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ നിന്ന് വിട്ടുനിന്നതോടെയാണ് ഷീ എവിടെയെന്ന ഊഹാപോഹം ശക്തമായത്. പുറത്താക്കാന്‍ പാര്‍ട്ടിയിലും സൈന്യത്തിലും നീക്കം നടക്കുന്നെന്നും രോഗം ബാധിച്ച് കിടപ്പിലാണെന്നും വരെ പ്രചാരണമുണ്ടായി. ഈ വാര്‍ത്തകളോടൊന്നും ചൈന പ്രതികരിച്ചിരുന്നുമില്ല.

ജൂണ്‍ അഞ്ചിന് ഷീയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. വ്യാപാര പിരിമുറുക്കമായിരുന്നു വിഷയം. ഷീ ചൈനയിലേക്ക് ക്ഷണിച്ചെന്നും താന്‍ അദേഹത്തെ യു.എസിലേക്ക് ക്ഷണിച്ചെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു.

ഇതേപോലെ 2022 ലും പൊതുവേദികളില്‍ നിന്ന് ഷീ അപ്രത്യക്ഷമായിരുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വീട്ടു തടങ്കലിലാക്കിയെന്നും സൈനിക ജനറലും നോര്‍ത്തേണ്‍ തിയേറ്റര്‍ കമാന്‍ഡിന്റെ കമാന്‍ഡറുമായ ലി ക്വിയോമിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തെന്നുമൊക്കെ അന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം ബീജിങില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിപാടിയില്‍ ഷീ ജിന്‍ പിങ് പ്രത്യക്ഷപ്പെട്ടതോടെ അഭ്യൂഹങ്ങള്‍ക്ക് അന്നും വിരാമമായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.