ചെന്നൈ: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്സ് വെല്‍ മാര്‍ച്ച് 27ന് ഇന്ത്യയുടെ മരുമകനാകും. തമിഴ്നാട് സ്വദേശി വിനി രാമനുമായുള്ള മാക്സ്വെല്ലിന്റെ വിവാഹം ഉറപ്പിച്ചു. വിവാഹ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. തമിഴ് ഭാഷയിലുള്ള പരമ്പരാഗത മഞ്ഞനിറത്തിലാണ് ക്ഷണക്കത്ത്.
മെല്‍ബണില്‍ ജനിച്ചുവളര്‍ന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. ഇപ്പോഴും തമിഴ് പാരമ്പര്യം പിന്തുടരുന്നവരാണ് വിനിയുടെ വീട്ടുകാര്‍. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. ഇന്ത്യന്‍ പാരമ്പര്യമനുസരിച്ചുള്ള ചടങ്ങായിരുന്നു വിവാഹ നിശ്ചയത്തില്‍ സംഘടിപ്പിച്ചത്.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഇരുവരുടേയും വാഹം നീണ്ടുപോവുകയായിരുന്നു. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് മാക്സ്വെല്ലും വിനിയും വിവാഹിതരാകുന്നത്. ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരമാണ് മാക്സ്വെല്‍. ഓസ്‌ട്രേലിയന്‍ ടീമംഗമായ മാക്‌സ്വെല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിലെയും സൂപ്പര്‍ താരമാണ്.