ഹോങ്കോങ്ങ് : നാല് സഹപ്രവർത്തകരെ അയോഗ്യരാക്കിയതിനെത്തുടർന്ന് ഹോങ്കോങ്ങിലെ എല്ലാ ജനാധിപത്യ അനുകൂല നിയമനിർമ്മാതാക്കളും രാജിവയ്ക്കുകയാണ് എന്ന് അറിയിച്ചു.
ബ്രിട്ടൻ 1997 ൽ ഹോങ്കോംഗ് ചൈനയ്ക്ക് തിരികെ നൽകിയതിനുശേഷം ചൈനയ്ക്ക് അനുകൂലമായി നിയമസഭയെ മാറ്റിയെടുക്കുവാൻ ചൈന ശ്രമിക്കുകയായിരുന്നു.ഹോങ്കോങ്ങിന്റെ ചീഫ് എക്സിക്യൂട്ടീവ് കാരി ലാം ചൈന അനുകൂലിയാണ്. ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള ചൈനയുടെ ഏറ്റവും പുതിയ ശ്രമമായാണ് ഈ നീക്കം കാണപ്പെടുന്നത്, പക്ഷെ ചൈന ഇത് നിഷേധിക്കുന്നു.
ജൂൺ അവസാനത്തോടെ ചൈന ഹോങ്കോങ്ങിൽ വിവാദപരമായ ദേശീയ സുരക്ഷാ നിയമം അവതരിപ്പിച്ചു. മുമ്പ് ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ്ങിനെ "ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ" എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ചൈനയ്ക്കു തിരികെ നൽകിയത് . അതനുസരിച്ച് 2047 വരെ ചൈനയേക്കാൾ കൂടുതൽ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഹോങ്കോങിന് നിലനിർത്താൻ അനുവദിച്ചിരുന്നു.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതുന്ന രാഷ്ട്രീയക്കാരെ അയോഗ്യരാക്കാൻ ഹോങ്കോങ് സർക്കാരിനെ അനുവദിക്കുന്ന പ്രമേയം ബുധനാഴ്ച ചൈന പാസാക്കി. പ്രമേയം നിലവിൽ വന്ന ഉടൻ തന്നെ, നിയമസഭാംഗങ്ങളായ സിവിക് പാർട്ടിയിലെ ആൽവിൻ യ്യൂങ്, ക്വോക്ക് കാ-കി, പ്രൊഫഷണൽസ് ഗിൽഡിലെ ഡെന്നിസ് ക്വോക്ക്, കെന്നത്ത് ലിയോംഗ് എന്നിവരെ അയോഗ്യരാക്കി. ഇവരോട് അനുഭാവം പ്രകടിപ്പിച്ചാണ് പ്രതിപക്ഷത്തുള്ള മറ്റു നിയമസഭാഗംങ്ങൾ രാജി വയ്ക്കുന്നു എന്ന് പത്രസമ്മേളനത്തിൽ അറിയിച്ചത്.
ഹോങ്കോംഗിൽ ചൈന പിടിമുറുക്കുന്നു ; നാലു നാല് പ്രതിപക്ഷ നിയമസഭാംഗങ്ങളെ അയോഗ്യരാക്കി