അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 14
സാക്‌സണ്‍ രാജാവായിരുന്ന തിയോഡോറിക്കിന്റെ മകളായിരുന്നു മെറ്റില്‍ഡ. വളരേ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ അവളെ എര്‍ഫോര്‍ഡ് ആശ്രമത്തില്‍ ചേര്‍ത്തു. അവളുടെ മുത്തശ്ശിയായിരുന്ന മൌദ് ആയിരുന്നു അവിടത്തെ ആശ്രമാധിപ. 913 ല്‍ സാക്‌സോണിലെ പ്രഭുവായിരുന്ന ഓത്തോയുടെ മകനും പില്‍ക്കാലത്ത് ജെര്‍മ്മനിയിലെ രാജാവുമായി തീര്‍ന്ന ഹെന്റിയുമായി മെറ്റില്‍ഡയുടെ വിവാഹം നിശ്ചയിച്ചു. വിവാഹം ജീവിതം ആരംഭിക്കുന്നത് വരെ അവള്‍ എര്‍ഫോര്‍ഡ് ആശ്രമത്തില്‍ കഴിഞ്ഞു.
തന്റെ പ്രജകളോട് വളരെയേറെ ദയയുള്ളവനായിരുന്ന ഹെന്റി രാജകുമാരന്‍ വളരെ സമര്‍ത്ഥനും തികഞ്ഞ ദൈവഭക്തനുമായിരുന്നു. ഭരണമേറ്റ് അല്‍പ്പ കാലത്തിനുള്ളില്‍ തന്നെ ഹെന്റി ഹംഗറിക്കാരുടേയും ഡെന്‍മാര്‍ക്കുകാരുടേയും അധിനിവേശം തടയുകയും ആ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ഈ സമയമൊക്കെ മെറ്റില്‍ഡ കൊട്ടാരത്തില്‍ രാപകല്‍ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും കഴിഞ്ഞു കൂടി. രോഗികളേയും പീഡിതരേയും സന്ദര്‍ശിക്കുക, അവര്‍ക്ക് ആശ്വാസം പകരുക, പാവപ്പെട്ടവരെ സേവിക്കുക, അവര്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ മെറ്റില്‍ഡയുടെ പതിവ് ശുശ്രൂഷകളായിരുന്നു. അവളുടെ കാരുണ്യ പ്രവര്‍ത്തികളുടെ ഫലങ്ങള്‍ തടവ് പുള്ളികള്‍ക്ക് വരെ ലഭിച്ചിരുന്നു. രാജ്ഞിയുടെ ഇത്തരം നല്ല പ്രവര്‍ത്തനങ്ങളില്‍ പ്രചോദിതനായ ഹെന്റി രാജകുമാരന്‍ അവളുടെ എല്ലാ പദ്ധതികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കി.
വിവാഹം കഴിഞ്ഞു 23 വര്‍ഷമായപ്പോള്‍ 936 ല്‍ ഹെന്റി മരണമടഞ്ഞു. പില്‍ക്കാലത്ത് ചക്രവര്‍ത്തിയായി തീര്‍ന്ന ഓട്ടോ, ബാവരിയായിലെ പ്രഭുവായിരുന്ന ഹെന്റി, കൊളോണിലെ ബിഷപ്പ് ബ്രണ്‍ എന്നിവരായിരുന്നു അവരുടെ മക്കള്‍.
ഭര്‍ത്താവിന്റെ മരണ ശേഷവും വിശുദ്ധ തന്റെ കാരുണ്യ പ്രവര്‍ത്തികള്‍ പൂര്‍വ്വാധികം ഭംഗിയായി തുടര്‍ന്നു. നിരവധി ദേവാലയങ്ങള്‍ കൂടാതെ അഞ്ചോളം ആശ്രമങ്ങളും പണികഴിപ്പിച്ചു. അവസാനം വിശുദ്ധ രോഗ ശയ്യയിലായപ്പോള്‍ തന്റെ പേരക്കുട്ടിയും മെന്റസിലെ മെത്രാപ്പോലീത്തയുമായിരുന്ന വില്ല്യമിനോടു കുമ്പസാരിച്ചു.
വിശുദ്ധ മരിക്കുന്നതിനു 12 ദിവസം മുന്‍പ് വീട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ വില്ല്യം മരണപ്പെട്ടു. പിന്നീട് വിശുദ്ധ ആ പ്രദേശത്തെ സന്യാസിമാരേയും പുരോഹിതരേയും വിളിച്ചു വരുത്തി അവര്‍ക്ക് മുന്‍പില്‍ രണ്ടാമതായി ഒരു പൊതു കുമ്പസാരം കൂടി നടത്തി. 968 മാര്‍ച്ച് 14 ന് തന്റെ തലയില്‍ ചാരം പൂശി, ചണം കൊണ്ടുള്ള തുണിയില്‍ കിടന്നാണ് വിശുദ്ധ മെറ്റില്‍ഡ ഇഹലോക വാസം വെടിഞ്ഞത്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ഇറ്റലിയിലെ ഡിയാക്കൊഞ്ഞുസ്
2. ആഫ്രിക്കയിലെ പീറ്ററും അഫ്രോഡിസൂസും
3. റോമയിലെ ബിഷപ്പായിരുന്ന ബോണിഫസ് കുരിറ്റന്‍.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.