നേപ്പാള്‍ കലാപം ജയിലുകളിലേക്കും വ്യാപിച്ചു; 1500 ലേറെ കുറ്റവാളികള്‍ തടവ് ചാടി: പലയിടത്തും കൊള്ള

നേപ്പാള്‍ കലാപം ജയിലുകളിലേക്കും വ്യാപിച്ചു; 1500 ലേറെ കുറ്റവാളികള്‍ തടവ് ചാടി:  പലയിടത്തും കൊള്ള

കാഠ്മണ്ഡു: നേപ്പാളിലെ ജെന്‍ സി കലാപം ജയിലുകളിലേക്കും വ്യാപിച്ചതോടെ 1500 ലേറെ തടവുകാര്‍ ജയില്‍ ചാടിയെന്ന് റിപ്പോര്‍ട്ട്. മുന്‍മന്ത്രി സഞ്ജയ് കുമാര്‍ സാഹ്, രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിയവരും ജയിലില്‍ നിന്ന് രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം ലളിത്പുരിലെ നാഖു ജയില്‍ വളപ്പിനുള്ളില്‍ കയറിയ നൂറുക്കണക്കിന് പ്രക്ഷോഭകാരികള്‍ ജയിലിനുള്ളിലും അക്രമം അഴിച്ചു വിട്ടു. പിന്നാലെ സെല്ലുകള്‍ തകര്‍ത്ത് തടവുകാരെ പുറത്തു വിടുകയായിരുന്നു. മറ്റു ചില തടവുകാര്‍ സ്വയം സെല്ലുകള്‍ തകര്‍ത്ത് പുറത്തിറങ്ങുകയും ചെയ്തു. ജയിലുകളിലെ രേഖകളടക്കം പ്രക്ഷോഭകാരികള്‍ തീയിട്ട് നശിപ്പിച്ചു. സംഭവ സമയത്ത് പോലീസും ജയില്‍ അധികൃതരും സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവരാരും ഇടപെട്ടില്ല.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മുന്‍ മന്ത്രി സഞ്ജയ് കുമാര്‍ സാഹ് കഴിഞ്ഞ 13 വര്‍ഷമായി തടവുശിക്ഷ അനുഭവിക്കുകയാണ്. 2012 ലെ ഒരു ബോംബ് സ്ഫോടനക്കേസിലാണ് ഇദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്. അഞ്ചുപേര്‍ കൊല്ലപ്പെട്ട സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ സഞ്ജയ് കുമാര്‍ ആണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

മാത്രമല്ല, റേഡിയോ ടുഡേയുടെ ഉടമയായ അരുണ്‍ സിംഘാനിയയെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. അതേസമയം, താന്‍ നിരപരാധിയാണെന്നായിരുന്നു ജയില്‍ചാടിയ ശേഷം സഞ്ജയ് കുമാറിന്റെ അവകാശവാദം. ജെന്‍ സി പ്രക്ഷോഭത്തെ അദേഹം അഭിനന്ദിക്കുകയുംചെയ്തു.

നേപ്പാളിലെ പ്രമുഖ രാഷ്ട്രീയ നേതാവായ റാബി ലാമിച്ഛാനെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മറ്റൊരാള്‍. സഹകരണ ഫണ്ട് തട്ടിപ്പ് കേസില്‍ അറസ്റ്റിലായാണ് റാബി ജയിലിലായത്.

കലാപത്തിനിടെ വ്യാപകമായി കൊള്ളയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളും ബാങ്കും കൊള്ളയടിച്ചെന്നാണ് വിവരം. രാഷ്ട്രീയ ബഞ്ജിയ ബാങ്കിന്റെ ബനേശ്വര്‍ ബ്രാഞ്ച് അക്രമികള്‍ കൊള്ളയടിച്ചു. 26 പേരെ സൈന്യം അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.