യു.എസില്‍ പകല്‍ സമയം ലാഭിക്കുന്നത് 2023 ല്‍ സ്ഥിരപ്പെടുത്തിയേക്കും; ബില്‍ പാസാക്കി സെനറ്റ്

യു.എസില്‍ പകല്‍ സമയം ലാഭിക്കുന്നത് 2023 ല്‍ സ്ഥിരപ്പെടുത്തിയേക്കും; ബില്‍ പാസാക്കി സെനറ്റ്


വാഷിംഗ്ടണ്‍: യു.എസില്‍ 2023 നവംബറില്‍ ആരംഭിക്കുന്ന 'ഡേലൈറ്റ് സേവിംഗ് ടൈമി'ന് സ്ഥിരത നല്‍കുന്നതിനുള്ള ബില്‍ സെനറ്റ് അംഗീകരിച്ചു.ഇരു പാര്‍ട്ടികളില്‍ നിന്നും 17 സഹ പ്രായോജകരെ നേടിയാണ് സണ്‍ഷൈന്‍ പ്രൊട്ടക്ഷന്‍ ആക്റ്റ് എന്നറിയപ്പെടുന്ന ബില്‍, ഏകകണ്ഠമായി സെനറ്റില്‍ പാസാക്കിയത്.

രാജ്യത്തുടനീളമായി വര്‍ഷം മുഴുവനും പകലിന്റെ അവസാനത്തില്‍ ഒരു മണിക്കൂര്‍ അധിക സൂര്യപ്രകാശം ഉറപ്പാക്കുന്നതിനുള്ള നൈയാമിക നീക്കത്തിലെ സുപ്രധാന ചുവടുവയ്പാണിത്. സമയ മാറ്റം സ്ഥിരമാക്കുന്നതിനു വേണ്ടി ദീര്‍ഘ കാലമായി വാദിക്കുന്ന ഫ്‌ളോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗമായ സെനറ്റര്‍ മാര്‍ക്കോ റൂബിയോ ആണ് ബില്‍ പാസാക്കാനുള്ള ശ്രമത്തിനു നേതൃത്വം നല്‍കിയത്.

സെനറ്റ് പാസാക്കിയ ബില്‍ നിയമമാകാന്‍ ഇനി കോണ്‍ഗ്രസ് അംഗീകരിക്കുകയും പ്രസിഡന്റ് ഒപ്പുവെക്കുകയും വേണം. ബില്ലിന്റെ സമാനമായ പതിപ്പ് സഭയില്‍ അവതരിപ്പിക്കുകയും കഴിഞ്ഞ മാസം ഊര്‍ജ, വാണിജ്യ ഹൗസ് കമ്മിറ്റിയുടെ ഉപസമിതിക്ക് റഫര്‍ ചെയ്യുകയും ചെയ്തിരുന്നു.

'നമുക്ക് ഇത് പാസാക്കാന്‍ കഴിയുമെങ്കില്‍, ഈ വിഡ്ഢിത്തം ഇനിയും തുടരേണ്ടതില്ല എന്നത് നല്ല വാര്‍ത്തയാകും,'- സെനറ്റിലെ പ്രസംഗത്തിനിടെ റൂബിയോ പറഞ്ഞു. ദിവസത്തില്‍ ഒരു മണിക്കൂര്‍ അധിക സൂര്യപ്രകാശം ലഭിക്കുന്നത് കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കുന്നതിനും കാലികമായ ഡിപ്രഷന്‍ കുറയുന്നതിനും കുട്ടികള്‍ക്ക് പുറത്ത് കളിക്കാന്‍ കൂടുതല്‍ സമയം നല്‍കുന്നതിനും കാരണമാകുമെന്ന് ഗവേഷണങ്ങള്‍ സ്ഥിരീകരിക്കുന്നതായി റൂബിയോ ചൂണ്ടിക്കാട്ടി.'പ്രത്യേകിച്ച് വര്‍ഷത്തിലെ ഈ 16 ആഴ്ചകളില്‍, നിങ്ങള്‍ക്ക് പാര്‍ക്കോ, ലൈറ്റുകള്‍ ഉള്ള ഒരു ഔട്ട്‌ഡോര്‍ സൗകര്യമോ ഇല്ലെങ്കില്‍, അടിസ്ഥാനപരമായി ഏകദേശം 5 മണിവരെയോ ചില സന്ദര്‍ഭങ്ങളില്‍ വൈകി ട്ട് 4 അല്ലെങ്കില്‍ 4:30 വരെയോ അടച്ചിരിക്കേണ്ടിവരും. പാര്‍ക്കുകളിലെ ലൈറ്റുകളും അതു പോലുള്ളവയും ചെലവേറിയതാണ്. അക്കാരണത്താല്‍ ധാരാളം കമ്മ്യൂണിറ്റികള്‍ അത് എതിര്‍ക്കുന്നുണ്ട്.'

നിലവില്‍ മാര്‍ച്ചിലെ രണ്ടാം വാരാന്ത്യത്തില്‍ ആരംഭിച്ച് നവംബര്‍ ആദ്യ വാരാന്ത്യത്തില്‍ പകല്‍ ലാഭിക്കല്‍ സമയം അവസാനിക്കുന്നു . ഫെഡറല്‍ ഗവണ്‍മെന്റ് അവസാനമായി 2007ലാണ് ആ കാലയളവ് നാലാഴ്ചത്തേക്ക് നീട്ടിയത്. എയര്‍ലൈനുകള്‍ക്കും മറ്റു വ്യവസായങ്ങള്‍ക്കും അവരുടെ
ഷെഡ്യൂളുകള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്നതിന് 2023 വരെ തന്റെ ബില്ലില്‍ നിര്‍ദ്ദേശമുണ്ടെന്ന് റൂബിയോ പറഞ്ഞു.

'ലളിതമായി പറഞ്ഞാല്‍, ഇരുട്ട് അപകടകാരിയാണ്. വൈകുന്നേരത്തെ ഇരുട്ട് രാവിലത്തെ ഇരുട്ടിനെക്കാള്‍ കുഴപ്പം വരുത്തിവയ്ക്കും,'ഇതേപ്പറ്റി പഠനം നടത്തിയ വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ സ്റ്റീവ് കലാന്‍ഡ്രില്ലോ പറഞ്ഞു. 'വിവിധ കാരണങ്ങളാല്‍ വൈകുന്നേരത്തെ തിരക്കുള്ള സമയം രാവിലത്തേക്കാള്‍ ഇരട്ടി മാരകമാകും. കൂടുതല്‍ ആളുകള്‍ റോഡിലുണ്ട്, കൂടുതല്‍ മദ്യം ഡ്രൈവര്‍മാരുടെ രക്തത്തിലുണ്ടാകും, ആളുകള്‍ വീട്ടിലേക്ക് മടങ്ങാന്‍ തിടുക്കം കൂട്ടുന്ന സമയവുമാണ്.' കൂടുതല്‍ കുട്ടികള്‍ പുറത്ത്, സമയക്രമമില്ലാതെ കളികള്‍ ആസ്വദിക്കുന്ന സമയവുമാണ് അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.