പ്രിൻസ് മടത്തിപ്പറമ്പിൽ
ഓസ്ട്രേലിയ : പരിശുദ്ധ കത്തോലിക്കാ സഭയുടെ ഉന്നത പദവികളിലേക്ക് സഹനത്തിന്റെ ഇടവേളയ്ക്ക് ശേഷം മാർപ്പാപ്പായുടെ ക്ഷണം സ്വീകരിച്ച് എത്തുമ്പോൾ, ജോർജ് പെൽ എന്ന ഓസ്ട്രേലിയൻ കർദിനാൾ ലോകത്തിനു മുഴുവൻ മാതൃകയായിത്തീരുകയാണ്. തന്റെ ജീവിതത്തിൽ നേരിട്ട ആരോപണങ്ങളുടെയും അപമാനത്തിന്റെയും ജയിൽ ജീവിതത്തിന്റെയും മുമ്പിൽ തളരാതെ ക്രിസ്തുവിലുള്ള ആശ്രയത്തിലൂടെ വിശ്വാസീസമൂഹത്തിനു മുഴുവൻ മാതൃകയായി തീർന്നിരിക്കുകയാണ് 79 കാരനായ കർദിനാൾ ജോർജ് പെൽ. രണ്ടായിരം വര്ഷങ്ങൾക്ക് മുമ്പ് കാൽവരിയിൽ ക്രൂശിതനായ യേശുവിന്റെ സഹനത്തിന്റെ പാതയാണ് തൻടെ ജീവിതത്തിൽ ആശ്രയമായതെന്ന് അദ്ദേഹം ആവർത്തിക്കുന്നു. സെപ്റ്റംബർ 30 നു വത്തിക്കാനിൽ എത്തിച്ചേർന്ന പെലിന് ഹൃദ്യമായ സ്വീകരണമാണ് മാർപ്പാപ്പ നല്കിയത്. വത്തിക്കാനിലെ ഡൊമസ് ഓസ്ട്രേലിയൻ ചാപ്പലിൽ നടന്ന ദിവ്യബലിയിൽ 45 ഓളം പ്രമുഖ വ്യക്തികൾ പങ്കെടുക്കുകയുണ്ടായി. ഓസ്ട്രേലിയൻ മുൻപ്രധാനമന്ത്രി ടോണി ആബോട്ട്, വിവിധ രാജ്യങ്ങളിലെ അംബാസിഡർമാർ, കർദിനാൾമാർ, ഇറ്റാലിയൻ മന്ത്രിമാർ തുടങ്ങി നിരവധി പ്രമുഖർ ദിവ്യബലിയിൽ പങ്കെടുത്തു.

വത്തിക്കാന്റെ സാമ്പത്തികകാര്യങ്ങളുടെ തലവനായി 2014 ൽ ആണ് ഫ്രാൻസിസ് മാർപ്പാപ്പ ഓസ്ട്രേലിയയിൽ നിന്നുള്ള ഏറ്റവും മുതിർന്ന സഭാനേതാവും സിഡ്നി ബിഷപ്പുമായിരുന്ന കർദിനാൾ ജോർജ് പെല്ലിനെ നിയമിക്കുന്നത്. കർദിനാൾ പെല്ലിന്റെ നേതൃത്വത്തിൽ വത്തിക്കാന്റെ സാമ്പത്തിക ഇടപാടുകൾ കൃത്യമായ നിയന്ത്രണത്തിൽ ആക്കുകയും നിരവധി പരിഷ്ക്കാരങ്ങൾ നടപ്പിൽ വരുത്തുകയും ചെയ്യുന്ന വേളയിലാണ് അദ്ദേഹത്തിനെതിരെയുള്ള ലൈംഗിക പീഡന പരാതി ഓസ്ട്രേലിയായിൽ ശക്തിപ്പെടുന്നത്. 2017 ൽ അദ്ദേഹത്തിന് റോമിൽ നിന്നും കോടതി നടപടികൾ നേരിടാനായി ഓസ്ട്രേലിയായിലേക്ക് മടങ്ങി വരേണ്ടി വന്നു. 1990 ൽ മെൽബൺ ബിഷപ്പ് ആയി സേവനം ചെയ്യവേ ദേവാലയ ഗായക സംഘാംഗങ്ങളായ രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണം. കത്തോലിക്കാ സഭയിൽ ഓസ്ട്രേലിയായിലെ ഏറ്റവും ഉന്നത സ്ഥാനീയനായ അദ്ദേഹത്തിനെതിരായുള്ള ആരോപണം വലിയ ഞെട്ടലോടെയാണ് സഭാവിശ്വാസികൾ ശ്രവിച്ചത്. സഭാവിരോധികളും മാധ്യമങ്ങളും ഇതിനോടനുബന്ധിച്ച് ധാരാളം ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2018 ഡിസംബറിൽ മെൽബൺ കീഴ്കോടതി കർദിനാളിനെ കുറ്റക്കാരനായി വിധിച്ചു. തുടർന്ന് 2019 മാർച്ചിൽ അദ്ദേഹത്തെ ആറു വർഷത്തെ ജയിൽ ശിക്ഷക്കും വിധിച്ചു.
മെൽബണിലെ ബാർവൺ ജയിലിൽ കിടന്നു അദ്ദേഹം സമർപ്പിച്ച അപ്പീലിനെ തുടർന്നുകൊണ്ട് ഓസ്ട്രേലിയയിലെ പരമോന്നത കോടതി ഈ വർഷം ഏപ്രിൽ 6 നാണ് കർദിനാൾ പെല്ലിനെ പൂർണ്ണമായും കുറ്റവിമുക്തനാക്കി പ്രഖ്യാപിച്ചത്. ഇതിനോടകം പതിമൂന്നു മാസക്കാലം അദ്ദേഹത്തിനു ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ഓസ്ട്രേലിയൻ പരമോന്നത കോടതിയിലെ ഏഴംഗ ഫുൾ ബെഞ്ച് ഐകകണ്ഠേനയാണ് അദ്ദേഹം നിരപരാധിയെന്ന വിധിന്യായം പുറപ്പെടുവിച്ചത്. മെൽബൺ മജിസ്ട്രേറ്റ് കോടതിയുടെ വിധി ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഇതെല്ലാം തികച്ചും അസാധാരണം ആണെന്നും ആയിരുന്നു പരമോന്നത കോടതിയുടെ നിരീക്ഷണം.
1941 ൽ വിക്ടോറിയായിലെ ബല്ലാററ്റിൽ ജനിച്ച ജോർജ് പെൽ വിശ്വാസത്തിൽ അടിയുറച്ച അയർലണ്ടുകാരിയായ അമ്മയുടെ വിശ്വാസ പാരമ്പര്യമാണ് ജീവിതത്തിൽ പകർത്തിയത്. ചെറുപ്പത്തിൽ ഫുട്ബോൾ പ്രേമിയായിരുന്ന പെൽ അക്കാലത്തിൽ തന്നെ തൻടെ ദൈവവിളി അറിയുകയും വൈദിക പഠനം ആരംഭിക്കുകയും 66 ൽ വൈദികനായി തീരുകയും ചെയ്തു. തുടർന്ന് 71 ൽ ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് സഭാചാരിത്രത്തിൽ ഡോക്ടറേറ്റും നേടി. 1973ൽ അക്വിനാസ് കത്തോലിക്ക എഡ്യൂക്കേഷനിൽ ഡയറക്ടറായും പിന്നീട് പ്രിൻസിപ്പൽ എഡിറ്റർ ഓഫ് കത്തോലിക്സ് ന്യൂസ്, റെക്ടർ ഓഫ് കോർപ്പസ് ക്രിസ്റ്റി സെമിനാരി ആയും തുടർന്നു 1996ൽ മെൽബനിലും പിന്നീട് സിഡ്‌നിയിലും ബിഷപ്പായും സേവനമനുഷ്ഠിച്ചു. ഇക്കാലയളവിൽത്തന്നെ സഭയുടെ സുപ്രധാനമായ പല ചുമതലകളും അദ്ദേഹത്തിൽ അർപ്പിതമാവുകയും അതെല്ലാം വിമർശനാതീതമായി നിർവഹിക്കുകയും ചെയ്തിട്ടുണ്ട്.

2003ൽ പോപ്പ് ജോൺപോൾ രണ്ടാമൻ അദ്ദേഹത്തെ കർദിനാൾ ആയി വഴിക്കുകയും റോമിൽ കോളേജ് ഓഫ് കാർഡിനാലിന്റെ ചുമതലയും നൽകി ആദരിച്ചു. പിന്നീടദ്ദേഹം 2005ൽ പേപ്പൽ കോൺക്ലേവിൽ പങ്കെടുക്കുകയും തുടർന്ന് 2013 ൽ പോപ്പ് ഫ്രാൻസിസിനെ തിരഞ്ഞെടുത്ത കോൺക്ലേവിലും നിർണായകമായ സ്ഥാനംവഹിച്ചിരുന്നു. പെല്ലിന്‍റെ കഴിവുകളും സമർപ്പണജീവിതവും മനസിലാക്കുകയും ചെയ്യുന്ന ഈ കാലയളവിൽ ആണ്, വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങൾ കൂടുതൽ സുതാര്യമാക്കാൻ ഫ്രാൻസിസ് പാപ്പാ പെല്ലിനെ ഏൽപ്പിക്കുന്നതും അതിനായി അദ്ദേഹം സെക്രട്ടേറിയറ്റ് ഓഫ് ഇക്കണോമി എന്ന പുതിയ ഫിനാൻഷ്യൽ സിസ്റ്റം തന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും വത്തിക്കാന്‍റെ എല്ലാ സാമ്പത്തിക ഇടപാടുകളും ചീഫ് ഫിനാൻഷ്യൽ കണ്ട്രോൾ സിസ്റ്റത്തിലൂടെ നിയന്ത്രണത്തിൽ ആക്കുകയും ചെയ്യുന്നത്.
ജോർജ് പെൽ പോപ്പിന്റെ വിശ്വസ്തനാകുകയും സാമ്പത്തിക ഇടപാടുകൾ അദേഹത്തിന്റെ നിയന്ത്രണത്തിലേക്ക് നീങ്ങുകയും ചെയ്തപ്പോൾ പെല്ലിന് കടുത്ത എതിർപ്പുകൾ നേരിടേണ്ടിവന്നു. ഇക്കാലയളവിലാണ് 2017ൽ അദ്ദേഹത്തിനെതിരായി ലൈംഗികകാരോപണങ്ങൽ ഉയരുന്നത്.
പേസ്മേക്കറിന്റെ സഹായത്താൽ ജീവൻനിലനിർത്തുന്ന ജോർജ് പെല്ലിന്റെ സ്ഥാനത്യാഗത്തിനുശേഷം വത്തിക്കാനിലെ സാമ്പത്തിക ഇടപാടുകൾ നിരവധി ആരോപണങ്ങൾ നേരിടുകയും ഫ്രാൻസിസ് പാപ്പയുടെ ശക്തമായ ഇടപെടലുകൾ നടന്നുകൊണ്ടിരിക്കുമ്പോളാണ് വത്തിക്കാനിലെ ഈ മുൻ സാമ്പത്തിക വിദഗ്ധനും പരിഷ്കർത്താവുമായ ജോർജ് പെല്ലിന്റെ വത്തിക്കാനിലേക്കുള്ള തിരിച്ചുവരവ് ലോകശ്രദ്ധ നേടുന്നത്.