ദില്ലി :ദീപാവലി ആശംസകൾ അറിയിച്ചതിന് പിന്നാലെ വിമർശനം നേരിട്ട് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ദീപാവലി ആശംസയിൽ സാൽ മുബാരക്ക് എന്ന പദം ഉപയോഗിച്ചതാണ് വിമർശനത്തിന് കാരണം. സാൽ മുബാറക്ക് ഇസ്ലാമിക രീതിയിലുള്ള ആശംസയാണെന്നും ദീപാവലിക്ക് ഇത്തരത്തിൽ ആശംസിച്ചത് ശരിയായില്ലെന്ന് പലരും വിമർശനം ഉന്നയിച്ച് രംഗത്ത് വന്നു. എന്നാൽ, സാൽ മുബാറക്കിന് ഇസ്ളാമിക ആഘോഷങ്ങളുമായി യാതൊരു ബന്ധമില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിയാതെയാണ് ബൈഡനെ വിമർശിക്കുന്നത്.
'വിളക്കുകളുടെ ഉത്സവം ആഘോഷിക്കുന്ന ദശലക്ഷക്കണക്കിന് ഹിന്ദുക്കൾക്കും ജൈനന്മാർക്കും സിഖുകാർക്കും ബുദ്ധമതക്കാർക്കും ഞാനും സന്തോഷം നിറഞ്ഞ ദീപാവലി ആശംസകൾ അറിയിക്കുന്നു. നിങ്ങളുടെ പുതുവർഷത്തിൽ പ്രതീക്ഷയും സന്തോഷവും സമൃദ്ധിയും നിറയട്ടെ. സാൽ മുബാറക്'- എന്നായിരുന്നു ബൈഡന്റെ ട്വീറ്റ്.
എന്നാൽ 'സാൽ മുബാറക്' എന്നതിന് ഇസ്ലാമിക്ക് ഉത്സവത്തോട് ബന്ധമില്ല. ഗുജറാത്തിൽ ദീപാവലിക്ക് ഒപ്പം പുതുവത്സരാഘോഷത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് സാൽ മുബാറക് എന്ന വാക്ക്. പർസികൾ, ഹിന്ദുക്കൾ, ജൈനന്മാർ, സിഖുകാർ എന്നിവരുൾപ്പെടെ ഗുജറാത്തികള്‍ ഈ ദിവസം ആഘോഷിക്കാറുണ്ട്. 2017 പ്രധാനമന്ത്രി നരേന്ദ്രമോദി സാർ മുബാറക് ആശംസകൾ നേർന്നുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.