ടൊറന്റോ: കനേഡിയന്‍ ജനതയുടെ 36 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമായിരിക്കുന്നു. ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ ഇത്തവണ കാനഡയുമുണ്ടാകും. നിര്‍ണായക യോഗ്യത മത്സരത്തില്‍ ജമൈക്കയെ എതിരില്ലാത്ത നാലു ഗോളിന് വീഴ്ത്തിയാണ് കാനഡ ഫൈനല്‍ റൗണ്ടിന് ടിക്കറ്റെടുത്തത്.
ജോണ്‍ ഹെര്‍ഡ്മാന്‍ പരിശീലിപ്പിക്കുന്ന സംഘം ഖത്തറിലേക്ക് ടിക്കറ്റെടുത്തതോടെ ആരാധകര്‍ വലിയ ആവേശത്തിലാണ്. 1986 ല്‍ ആദ്യമായും അവസാനമായും ലോകകപ്പ് കളിച്ച കാനഡയുടെ രണ്ടാമത്തെ ലോകകപ്പ് പ്രവേശനമാണിത്.
അമേരിക്കയും മെക്സിക്കോയും കോസ്റ്ററിക്കയുമെല്ലാം അടങ്ങുന്ന വടക്കേ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ 13 മത്സരങ്ങളില്‍ നിന്ന് എട്ട് ജയവും നാല് സമനിലയുമായി ആധികാരികമായാണ് കാനഡയുടെ ലോകകപ്പ് പ്രവേശം.
എട്ട് ടീമുകള്‍ മാറ്റുരക്കുന്ന യോഗ്യതാ റൗണ്ടില്‍ ഒരു മത്സരം ശേഷിക്കെ കാനഡ ഒന്നാം സ്ഥാനക്കാരായി യോഗ്യതയുറപ്പിച്ചപ്പോള്‍ കരുത്തരായ അമേരിക്കയും മെക്സിക്കോയുമാണ് നേരിട്ട് യോഗ്യത ലഭിക്കുന്ന രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഈ വര്‍ഷം നവംബറിലാണ് ഫിഫ ലോകകപ്പ് നടക്കുന്നത്.