അമേരിക്കയില്‍ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു; അപകടം ഡാളസിലെ റേഹബാര്‍ഡിലെ തടാകത്തില്‍

അമേരിക്കയില്‍ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു; അപകടം ഡാളസിലെ റേഹബാര്‍ഡിലെ തടാകത്തില്‍

ഡാളസ്: യുഎസ് ഡാളസില്‍ റേഹബാര്‍ഡിലെ തടാകത്തില്‍ ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു. രാമമംഗലം താനുവേലില്‍ ബിജു ഏബ്രഹാം (49), ഇദ്ദേഹത്തിന്റെ സുഹൃത്ത് എറണാകുളം സ്വദേശിയായ തോമസ് ആന്റണി എന്നിവരാണ് മരിച്ചത്.

ഇന്ത്യന്‍ സമയം തിങ്കള്‍ രാവിലെ ആയിരുന്നു അപകടം. ബിജു ഡാളസില്‍ വിനോദ സഞ്ചാര, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ബിജുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.

യാത്രയ്ക്കിടെ തകരാറിലായ ബോട്ട് നന്നാക്കാന്‍ വെള്ളത്തിലിറങ്ങിയ ബിജു മുങ്ങിപ്പോവുകയായിരുന്നു. രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെയാണു തോമസ് ആന്റണി അപകടത്തില്‍പെട്ടത്.

ബിജുവിന്റെ ഏക സഹോദരി ബിന്ദുവും ഡാളസില്‍ സ്ഥിരതാമസമാണ്. മാതാപിതാക്കളായ ഏബ്രഹാമും വല്‍സമ്മയും ഇവര്‍ക്കൊപ്പമുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് ഇരുവരും രാമമംഗലത്തു നിന്നു യുഎസിലേക്കു പോയത്. അടുത്ത മാസം നാട്ടിലേക്ക് പുറപ്പെടുന്നതിനുള്ള തയാറെടുപ്പിലായിരുന്നു.

ഭാര്യ: രാമമംഗലം പുല്യാട്ടുകുഴിയില്‍ സവിത ഡാളസില്‍ നഴ്‌സാണ്. മക്കള്‍: ഡിലന്‍, എയ്ഡന്‍, റയാന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.