'വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം' കത്തോലിക്കാ വിശ്വാസിക്ക് സമ്മതിച്ചു കൊടുക്കാന്‍ കഴിയില്ല. കമ്മ്യൂണിസത്തില്‍ ഏറ്റവും പ്രധാനപ്പെട്ട 'നിരീശ്വരത്വം' കത്തോലിക്കാ സഭയ്ക്ക് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുകയില്ല'.
ചങ്ങനാശേരി: കത്തോലിക്കാ സഭയ്ക്ക് രാഷ്ട്രീയമില്ലെന്നും രാഷ്ട്രീയത്തിന് അതീതമാണ് സഭയുടെ ആദര്‍ശമെന്നും ചങ്ങനാശേരി അതിരൂപതാ മെത്രാപോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി താതാത്മ്യപെട്ടു കൊണ്ട് ആ പാര്‍ട്ടിയുടെ വളര്‍ച്ചയിലോ തളര്‍ച്ചയിലോ പ്രവര്‍ത്തിക്കുക എന്നത് സഭയുടെ രീതിയല്ല. അതല്ല കത്തോലിക്കാ സഭയുടെ ആദര്‍ശമെന്ന് സിന്യൂസ് ലൈവിന്റെ 'വാര്‍ത്താ താരകം' പരിപാടിയില്‍ മാര്‍ ജോസഫ് പെരുന്തോട്ടം വ്യക്തമാക്കി.
സഭ ഒരിക്കലും കക്ഷി രാഷ്ട്രീയത്തില്‍ ചേരുന്നില്ല. ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്ന പേരില്‍ ഒരിക്കലും അദ്ദേഹത്തോട് എതിര്‍പ്പോ ശത്രുതയോ ഒന്നും സഭയ്ക്കില്ല. ശത്രുത ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. അത് ക്രിസ്തീയമല്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളെ അല്ലെങ്കില്‍ തത്വങ്ങളെ സഭയ്ക്ക് അംഗീകരിക്കാന്‍ കഴിയുകയുമില്ല.
ഉദാഹരണത്തിന് 'വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം' കത്തോലിക്കാ വിശ്വാസിക്ക് സമ്മതിച്ചു കൊടുക്കാന്‍ സാധിക്കുകയില്ല. കമ്മ്യൂണിസത്തില്‍ ഏറ്റവും പ്രധാനപ്പെട്ട 'നിരീശ്വരത്വം' കത്തോലിക്കാ സഭയ്ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ അതിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയോ രാഷ്ട്രീയ പാര്‍ട്ടികളെയോ എതിര്‍ക്കുന്നുവെന്ന് പറയാനും പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എവിടെ അധാര്‍മികതയോ, അനീതിയോ, അസത്യമോ ഉണ്ടോ, ജന നേതാക്കള്‍ രാജ്യത്തെ നയിക്കേണ്ട രീതിയില്‍ നയിക്കുന്നില്ലെങ്കിലോ, അതിനെ ചോദ്യം ചെയ്യാനും തിരുത്തുവാനുമുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. അല്ലാതെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ തകര്‍ക്കുക എന്ന ലക്ഷ്യമില്ല.
ഏത് രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും നന്മയും സത്യവും നീതിയും പുലരണം. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടി നോക്കാതെ അതിനെ വിമര്‍ശിക്കാനോ തിരുത്താനോ ഒക്കെയുള്ള ധാര്‍മികമായ ഒരു ചുമതലയും തീര്‍ച്ചയായും സഭയ്ക്ക് ഉണ്ടെന്ന് മാര്‍ പെരുന്തോട്ടം ചൂണ്ടിക്കാട്ടി.
കെ റെയില്‍ പദ്ധതിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. അത് വളരെയധികം ആളുകള്‍ക്ക് ഏറെ നഷ്ടമുണ്ടാക്കുകയും അവരുടെ ജീവിത വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. കെ റെയില്‍ പദ്ധതിയുടെ ഭാഗമായി നിരവധി പേര്‍ സ്വന്തം വീടും പുരയിടവും ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയുണ്ടാകുന്നു.
അവര്‍ പിന്നെ എവിടെ സ്വസ്ഥമായ ജീവിക്കും എന്നതില്‍ വ്യക്തതയില്ല. ആയിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന സാധ്യതയാണ് ഈ പദ്ധതിയില്‍ കാണുന്നത്. ഈ പദ്ധതികൊണ്ട് പറയപ്പെടുന്ന ഗുണങ്ങള്‍ ഉണ്ടാകുമോ എന്നതില്‍ ബലമായ സംശയമുണ്ടെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
കെ റെയില്‍ പദ്ധതിയിലൂടെ വന്‍ വികസനം ഉണ്ടാകും എന്ന് പറയുമ്പോള്‍ അത്തരത്തിലൊരു സാധ്യത സാധാരണ ഗതിയില്‍ ചിന്തിക്കുമ്പോള്‍ കാണുന്നില്ല. മാത്രവുമല്ല, ഇതേക്കുറിച്ച് വളരെ ശാസ്ത്രീയമായി പഠിച്ചവരും അറിവുള്ളവരും ഈ മേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരും ഇതിനെ എതിര്‍ക്കുകയാണ്.
ഇതിനേക്കാള്‍ ചിലവ് കുറഞ്ഞ രീതിയില്‍ ആളുകള്‍ക്ക് സഞ്ചാര സൗകര്യം ലഭ്യമാക്കാന്‍ സാധിക്കുമെന്നൊക്കെയുള്ള പഠനങ്ങളുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെ സര്‍ക്കാര്‍ മുന്നോട്ടു വെച്ച പദ്ധതിയില്‍ ഒരുപിടി വാശിയോടെ ഉറച്ചു നില്‍ക്കുകണ്.
അതുകൊണ്ട് കെ റെയില്‍ പദ്ധതി ജനോപകാരപ്രദമായ രീതിയില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും അത് വിജയിക്കുമെന്നും തനിക്ക് വ്യക്തിപരമായി ഒരു ബോധ്യവുമില്ല. ഇന്ന് ജനങ്ങള്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ തീര്‍ച്ചയായും നമുക്ക് അവഗണിക്കാന്‍ കഴിയുകയില്ലെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
വിമോചന സമരം സഭയുടെ അജണ്ടയിലില്ല. എന്നാല്‍ ജനങ്ങളുടെ മോചനത്തിന് സഭ എന്നും ഒപ്പം നില്‍ക്കും. കെ റെയില്‍ പ്രശ്നം വിമോചന സമരവുമായി ബന്ധപ്പെടുത്തേണ്ടതില്ല. ജനങ്ങളെ ഈ ദുരിതത്തില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് സഭയുടെ ലക്ഷ്യം. കെ റെയില്‍ വിഷയത്തില്‍ രാഷ്ട്രീയം കൊണ്ടുവരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.
കാരണം കെ റെയില്‍ കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുണ്ടായിരിക്കും. എല്ലാ മതസ്ഥരും കാണും. ഇത് പൊതു ജനങ്ങളുടെ ഒരു വിഷയമാണ്. വിമോചന സമരത്തിന് അധികാരത്തെ പുറത്താക്കുക എന്ന നിലപാടാണ്. ഇവിടെ അധികാര പ്രശ്നമല്ല, ജനങ്ങളുടെ വിമോചനമാണ് ഉദ്ദേശിക്കുന്നത്. അതിനെ വിമോചന സമരമെന്ന് വിശേഷിപ്പിക്കുകയാണെങ്കില്‍ ആവാമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ സ്വാതന്ത്ര്യം ഭരണഘടനാപരമായ നമ്മുടെ മൗലിക അവകാശമാണ്. ന്യൂനപക്ഷ അവകാശങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസ അവകാശം. ന്യൂനപക്ഷങ്ങള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുവാനും നടത്തുവാനും അവിടെ സ്വതന്ത്രമായി അധ്യാപകരെ നിയമിക്കുവാനും സ്വാതന്ത്ര്യമുണ്ട്.
ഇത് ന്യൂനപക്ഷങ്ങളെ സഹായിക്കാന്‍ വേണ്ടിയാണ്. ഭരണഘടനാ ശില്‍പികള്‍ ദീര്‍ഘ വീക്ഷണത്തോടെ നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യമാണതെന്നും മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.