മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ അമ്പയറുടെ തീരുമാനം ചോദ്യം ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷാഭ് പന്തിനും സഹതാരം ശാര്‍ദുല്‍ താക്കൂറിനും പിഴ ശിക്ഷ. പന്തിന്റെ 100 ശതമാനം മാച്ച് ഫീയും പിഴയായി നല്‍കണം. താക്കൂറിന്റെ 50 ശതമാനം മാച്ച് ഫീയാകും ഈടാക്കുക.
ഡല്‍ഹി പരിശീലക സംഘത്തിലുള്ള പ്രവീണ്‍ ആംറെയ്ക്കാണ് ഏറ്റവും വലിയ ശിക്ഷ വിധിച്ചിരിക്കുന്നത്. ആംറെയെ ഒരു കളിയില്‍ നിന്ന് വിലക്കും. ഇതിനൊപ്പം മാച്ച് ഫീ മുഴുവനും പിഴയായി നല്‍കണം. പന്തിന്റെ നിര്‍ബന്ധ പ്രകാരമാണ് ആംറെ ഗ്രൗണ്ടിലിറങ്ങി അമ്പയറോട് ക്ഷോഭിച്ചത്.
രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തിന്റെ അവസാന മിനിറ്റുകളിലായിരുന്നു വിവാദ സംഭവം അരങ്ങേറിയത്. നോബോള്‍ അനുവദിക്കാത്തതിന്റെ പേരിലാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായ റിഷഭ് പന്തും അമ്പയര്‍മാരുമായി വാഗ്വാദത്തിലേര്‍പ്പെട്ടത്.
ജയിക്കാന്‍ 20 ഓവറില്‍ 223 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഡല്‍ഹിക്ക് ഒബെദ് മക്ക്കോയി എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ ആറു പന്തില്‍ 36 റണ്‍സ് വേണമായിരുന്നു. ഓവറിലെ ആദ്യ രണ്ട് പന്തുകളും സിക്‌സര്‍ അടിച്ച റോമാന്‍ പവല്‍ മൂന്നാമത്തെ പന്തും സിക്‌സര്‍ അടിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
മൂന്നാമത്തെ പന്ത് ഇടുപ്പിന് മുകളിലായിരുന്നെന്നും അതിന് നോബാള്‍ അനുവദിക്കണമെന്നുമായിരുന്നു റിഷഭ് പന്തിന്റെ ആവശ്യം. എന്നാല്‍ പന്തിന്റെ ആവശ്യത്തോട് വഴങ്ങാന്‍ അമ്പയര്‍മാര്‍ തയാറായില്ല. ഇതിനു പിന്നാലെ അഞ്ചു മിനിറ്റോളം കളി തടസപ്പെട്ടു.