ജനീവ: ആഗോള താപനം ലോകത്തിലെ സമുദ്രങ്ങളുടെ ആവാസ വ്യവസ്ഥയില്‍ മാറ്റമുണ്ടാക്കിയേക്കുമെന്നും സമുദ്ര ജീവികളുടെ കൂട്ടത്തോടെയുള്ള വംശനാശത്തിന് കാരണമായേക്കുമെന്നും ഗവേഷകര്‍.
കാലാവസ്ഥാ വ്യതിയാനം സമുദ്ര ആവാസ വ്യവസ്ഥയില്‍ വലിയ ആഘാതം സൃഷ്ടിക്കുന്നു. ഇത് ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഭൂമിയുടെ ചരിത്രത്തില്‍ കണ്ടിട്ടുള്ളതിനേക്കാള്‍ വംശനാശ സാധ്യത കൂടുതലും സമുദ്ര ജൈവ സമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.
ഫോസില്‍ ഇന്ധനങ്ങള്‍ കത്തുന്നതു മൂലം ഉണ്ടാകുന്ന അധിക താപം ലോകത്തിലെ സമുദ്രജല താപനില ക്രമാനുഗതമായി ഉയര്‍ത്തുന്നു. സമുദ്രത്തിലെ ഓക്സിജന്റെ അളവ് കുറയുകയും അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്നിധ്യം വെള്ളം അമ്ലീകരിക്കപ്പെടുകയും ചെയ്യുന്നു. ഇത് സമുദ്രങ്ങള്‍ അമിതമായി ചൂടാകുകയും ജീവികളുടെ നിലനില്‍പിനെ ബാധിക്കുകയും ചെയ്യുന്നു.
ഓക്സിജന്‍ പൂര്‍ണ്ണമായും ഇല്ലാതായ സമുദ്രജലത്തിന്റെ അളവ് 1960 കള്‍ മുതല്‍ നാലിരട്ടിയായി വര്‍ധിച്ചു. കടല്‍ വെള്ളത്തിന്റെ അമ്ലീകരണം മൂലം കക്ക, ചിപ്പി, ചെമ്മീന്‍ തുടങ്ങിയ ജലജീവികള്‍ക്ക് ഷെല്ലുകള്‍ ശരിയായി രൂപപ്പെടുത്താന്‍ കഴിയുന്നില്ല. വര്‍ധിച്ച് വരുന്ന ചൂടിന്റെയും ഓക്‌സിജന്റെ നഷ്ടത്തിന്റെയും സമ്മര്‍ദ്ദം ഏകദേശം 250 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പെര്‍മിയന്‍ കാലഘട്ടത്തിന്റെ അവസാനത്തില്‍ സംഭവിച്ച കൂട്ട വംശനാശത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് ഗവേഷകര്‍ പറഞ്ഞു.
'ഗ്രേറ്റ് ഡൈയിംഗ്' എന്നറിയപ്പെടുന്ന ഈ വിപത്ത് 96 ശതമാനം സമുദ്ര ജന്തുക്കളുടെയും മരണത്തിലേക്ക് നയിച്ചിരുന്നു. ജീവി വര്‍ഗങ്ങളുടെ നാശത്തിന്റെ അളവ് ഇതിന് തുല്യമല്ലെങ്കില്‍പ്പോലും ജീവജാലങ്ങളുടെ നാശത്തിന്റെ വ്യാപ്തി ഒന്നുതന്നെയായിരിക്കുമെന്ന് ഗവേഷണത്തിന്റെ സഹരചയിതാവായ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജസ്റ്റിന്‍ പെന്‍ പറഞ്ഞു.
ധ്രുവപ്രദേശങ്ങളില്‍ വസിക്കുന്ന മത്സ്യങ്ങളും സമുദ്ര സസ്തനികളും ഏറ്റവും ദുര്‍ബലരാണ്. പഠനമനുസരിച്ച് ഉഷ്ണമേഖലാ ജീവികളില്‍ നിന്ന് വ്യത്യസ്തമായി അനുയോജ്യമായ തണുപ്പുള്ള കാലാവസ്ഥയിലേക്ക് കുടിയേറാന്‍ അവയ്ക്ക് കഴിയില്ല. അവര്‍ക്ക് പോകാന്‍ ഒരിടവുമില്ലെന്നും ജസ്റ്റിന്‍ പെന്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി കൂടാതെ അമിത മത്സ്യബന്ധനം, മലിനീകരണം എന്നിങ്ങനെ ജലജീവികള്‍ നേരിടുന്ന അകടാവസ്ഥകള്‍ വര്‍ധിക്കുകയാണ്. ഈ ഭീഷണികള്‍ കാരണം 10 ശതമാനം മുതല്‍ 15 ശതമാനം വരെ സമുദ്ര ജീവിവര്‍ഗങ്ങള്‍ ഇതിനകം തന്നെ വംശനാശ ഭീഷണിയിലാണെന്ന് പഠനം കണ്ടെത്തി. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ഡാറ്റയെ അടിസ്ഥാനമാക്കിയാണിത്.