തിരുവനന്തപുരം: കേരളത്തിന് സന്തോഷ് ട്രോഫി കിരീടം നേടി തന്ന ടീമിനും പരിശീലകര്‍ക്കും പാരിതോഷികം പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍. സന്തോഷ് ട്രോഫി ടീമിന്റെ ഭാഗമായ മുഴുവന്‍ താരങ്ങള്‍ക്കും അഞ്ചു ലക്ഷം രൂപ വീതം നല്‍കാന്‍ ആണ് ഇന്ന് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.
മുഖ്യ പരിശീലകന്‍ ബിനോ ജോര്‍ജിനും അഞ്ചു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. ടീമിനൊപ്പം ഉണ്ടായിരുന്ന സഹപരിശീലകര്‍ക്കും ഫിസിയോക്കും മൂന്നു ലക്ഷം വീതം പാരിതോഷികം നല്‍കാനും കേരള സര്‍ക്കാര്‍ തീരുമാനിച്ചു. മലപ്പുറത്ത് നടന്ന സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ബംഗാളിനെ പരാജയപ്പെടുത്തി ആയിരുന്നു കേരളം കിരീടം ഉയര്‍ത്തിയത്.
കേരളത്തിന്റെ ഏഴാം സന്തോഷ് ട്രോഫി കിരീടമാണിത്. കേരള സര്‍ക്കാര്‍ നേരിട്ട് നടത്തിയ ടൂര്‍ണമെന്റ് കാണികളുടെ പങ്കാളിത്തം കൊണ്ടും വലിയ വിജയമായിരുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.