അഹമ്മദാബാദ്: ജോസ് ബട്‌ലറിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ കരുത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ഫൈനലില്‍. രണ്ടാം പ്ലേഓഫില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴു വിക്കറ്റിന് വീഴ്ത്തിയാണ് സഞ്ജുവും കൂട്ടരും ഫൈനലിലെത്തിയത്. സ്‌കോര്‍: ആര്‍സിബി 157-8, രാജസ്ഥാന്‍ 158-3
തകര്‍പ്പന്‍ സെഞ്ചുറി നേടിയ ജോസ് ബട്‌ലര്‍ ഒറ്റയ്ക്കാണ് രാജസ്ഥാനെ ജയത്തിലേക്ക് നയിച്ചത്. ഒരറ്റത്ത് തകര്‍ത്തടിച്ച ബട്‌ലര്‍ക്ക് പിന്തുണ നല്‍കേണ്ട കാര്യമേ മറ്റ് ബാറ്റര്‍മാര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. യഷസ്വി ജയ്‌സ്വാള്‍ (21), സഞ്ജു സാംസണ്‍ (23) എന്നിവര്‍ ഇംഗ്ലീഷ് താരത്തിന് ഉറച്ച പിന്തുണ നല്‍കി.
ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂരിന് തുടക്കത്തിലേ വിരാട് കോഹ്ലിയെ (7) നഷ്ടമായി. പിന്നാലെയെത്തിയ രജത് പട്ടിഡാര്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. 42 പന്തില്‍ 58 റണ്‍സെടുത്ത് രജത് പുറത്തായതോടെ ബാംഗ്ലൂരിന്റെ കഥയും കഴിഞ്ഞു. അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടതോടെ നല്ലൊരു വിജയലക്ഷ്യം പോലും മുന്‍പോട്ട് വയ്ക്കാന്‍ അവര്‍ക്കായില്ല.