അധ്യയനവര്‍ഷം ആരംഭം: ഒരു ലക്ഷ്യം, ഒരേയൊരു മാര്‍ഗം

അധ്യയനവര്‍ഷം ആരംഭം: ഒരു ലക്ഷ്യം, ഒരേയൊരു മാര്‍ഗം

കൂട്ടുകാരെ ആഹ്‌ളാദ ദായകമായ ഒരു അവധിക്കാലത്തിന്റെ ആലസ്യത്തില്‍ നിന്നും പ്രതീക്ഷാ നിര്‍ഭരമായ ഒരധ്യയന വര്‍ഷത്തിന്റെ പുലരി പ്രഭയിലേക്ക് നമ്മള്‍ മിഴിതുറക്കുകയാണ്. വിജയം എന്നത് നിരന്തരമായ ഒരു യാത്രയാണ്. ഒരു ലക്ഷ്യസ്ഥാനമല്ല-ബെന്‍ സ്റ്റാന്‍ഡ് എന്ന ചിന്തകന്റെ ഈ വാക്കുകള്‍ ഈ അധ്യയന വര്‍ഷത്തില്‍ ഒരു പുതിയ ദര്‍ശനമാണ് നമുക്കു തരുന്നത്.

കഴിഞ്ഞ വര്‍ഷം പഠിച്ച ക്ലാസില്‍ നിന്ന് ഒരു പുതിയ ക്ലാസിലേക്കു നമ്മള്‍ കയറുകയാണ്. പുതിയ പാഠ പുസ്തകങ്ങളില്‍ പുത്തന്‍ അറിവിന്റെ ആകാശങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. വലിയ സ്വപ്നങ്ങളുടെ ചിറകുകള്‍ ആത്മാവില്‍ തുന്നിച്ചേര്‍ത്ത് അറിവിന്റെ ആകാശങ്ങളിലേക്കു പറക്കുമ്പോള്‍ നമുക്കു മുന്നില്‍ ഒരേയൊരു ലക്ഷ്യമേയുള്ളൂ. ജീവിത വിജയം മുന്നിലേക്കു വരുന്ന അവസരങ്ങളെ ഒന്നും നഷ്ടപ്പെടുത്താതെ ഉപയോഗിക്കാനുള്ള സുസ്ഥിര മനസാണ് ഒരു വ്യക്തിയുടെ വിജയരഹസ്യം എന്നാണ് ബെഞ്ചമിന്‍ ഡിലി പറയുന്നത്.

അവസരങ്ങള്‍ സ്വന്തം ആവശ്യങ്ങളായി മനസിലാക്കുമ്പോള്‍ നമുക്കവയെ നഷ്ടപ്പെടുത്താന്‍ സാധിക്കില്ല. എല്ലാ പക്ഷികള്‍ക്കും കൊത്തിത്തിന്നാന്‍ ദൈവം പുഴുക്കളെ നല്‍കിയിട്ടുണ്ട്. എന്നാല്‍, ദൈവം പുഴുക്കളെ പക്ഷിക്കൂട്ടിലേക്ക് ഇട്ടു കൊടുക്കുന്നില്ല എന്ന് ഒരു സ്വീഡിഷ് പഴമൊഴിയുണ്ട്. നമ്മുടെ അവസരങ്ങള്‍ നമ്മള്‍ തന്നെ കണ്ടെത്തണം. ഒന്നുപോലും നഷ്ടപ്പെടുത്താതെ ഉപയോഗിക്കുകയും വേണം.

നമ്മില്‍ ചിലര്‍ക്കൊരു ചിന്തയുണ്ട്. വിജയം എന്നത് ദൈവം ചിലര്‍ക്കു മാത്രം നല്‍കുന്നതാണ് എന്ന് സൗന്ദര്യമുള്ളവര്‍ക്കേ വിജയമുള്ളൂ, സമ്പത്തുള്ളവര്‍ക്കേ വിജയമുള്ളൂ, മഹിമയുള്ളവര്‍ക്കേ വിജയമുള്ളൂ. അതിനാല്‍ ഞാന്‍ പരിശ്രമിക്കുന്നതില്‍ അര്‍ഥമില്ല, എന്നു സ്വയം നിശ്ചയിച്ച് നിരാശയുടെ ഇരുട്ടില്‍ സ്വന്തം പ്രതിഭയെ തളച്ചിടുന്നവരുണ്ട്. എന്നാല്‍ സത്യം, കഠിനാധ്വാനം, ആത്മനിയന്ത്രണം, ഔദാര്യം, സഹജീവി സ്‌നേഹം, ലക്ഷ്യബോധം ഇവയാണ് ഒരു വ്യക്തിക്ക് വിജയം നല്‍കുന്നത്. ജാതിയും കുടുംബവുമല്ല എന്നാണ് മഹാഭാരതം പറയുന്നത്.

വിജയിക്കാന്‍ തീവ്രമായ ആഗ്രഹവും അധ്വാനിക്കാന്‍ നിരന്തരമായ മനസുമുള്ളവരോടേ ദൈവം കൂട്ടുകൂടുകയുള്ളൂ എന്ന ഗ്രീക്ക് ചിന്തകന്‍ എസ്‌കിലസിന്റെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം. ''ദൈവം എന്റെ പക്ഷത്തെ ങ്കില്‍ ആരെനിക്ക് എതിരു നില്‍ക്കും'' എന്നും എന്നെ ശക്തിപ്പെടുത്തുന്ന ദൈവത്തില്‍ക്കൂടി എനിക്ക് എല്ലാ സാധ്യമാണ്' എന്നുമുള്ള ബൈബിള്‍ വചനങ്ങളും നമുക്ക് നല്‍കുന്നത് മടി മറന്ന് കുതിക്കാനുള്ള ആത്മബലമാണ്.

കൂട്ടുകാരേ, വെറും സാഹചര്യങ്ങളല്ല. നമ്മുടെ തീരുമാനങ്ങളാണ് നമുക്ക് വിജയം നല്‍കുന്നത്. ആദ്യത്തെ ആവേശം അവസാനം വരെ അണയാതെ സൂക്ഷിക്കാന്‍ നമുക്ക് കഴിയണം. ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന ഒരു സൗഹൃദവും നമുക്കുവേണ്ട. ലക്ഷ്യം നേടാന്‍ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരെ നമുക്ക് സുഹൃത്തുക്കളാക്കാം.
നന്മയില്‍ നിന്നും തിന്മയിലേക്കുള്ള വഴി വളരെ എളുപ്പമാണ്. എന്നാല്‍ തിന്മയില്‍ നിന്നും നന്മയിലേക്ക് ചിലപ്പോള്‍ വഴിപോലും കാണാനാവില്ല. ഏകാഗ്രതയില്‍ നിന്നും അശ്രദ്ധയിലേക്കും ഉത്സാഹത്തില്‍ നിന്നും അലസതയിലേക്കും വഴുതി വീഴാന്‍ ഒരു പ്രയാസവുമില്ല. എന്നാല്‍ അലസതുടെ അടിമയായാല്‍ ഉത്സാഹം നഷ്ടമാകും. വര്‍ഷാരംഭത്തില്‍ സദ്ഗുണസമ്പന്നരായ പല കൂട്ടുകാരും ദുഷിച്ച സംസര്‍ഗം കൊണ്ട്, മാര്‍ഗം തെറ്റി, ലക്ഷ്യം മറന്ന് വന്‍ പരാജയങ്ങളായിത്തീരുന്നതിന് നമ്മുടെ കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങള്‍ തന്നെ മതിയാകും.

കൂട്ടുകാരെ, Success' comes before 'work only in the dictionary എന്ന ചെല്ലിന്റെ അര്‍ത്ഥം ന ക്കറിയാം, ഇഗ്ലീഷ് നിഘണ്ടുവില്‍ മാത്രമാണ് വിജയം (Success) അധ്വാനത്തിനു (work) മുമ്പ് വരു ന്നത്. നമുക്ക് ആദ്യം നമ്മുടെ കടമ ചെയ്യാം. നമ്മുടെ കടമ ചരിക്കുക എന്നതു മാത്രമാണ്. അതിന് ദൈവം തരുന്ന സമ്മാനമാണ് വിജയം.
എല്ലാഎല്ലാ കൂട്ടുകാര്‍ക്കും ഈ അധ്യയന വര്‍ഷത്തിലെ ഒരേയൊരു ലക്ഷ്യം നിരന്തരമായ വിജയം മാത്രമാകട്ടെ ഈ ലക്ഷ്യം നേടാനുള്ള ഒരയൊരു മാര്‍ഗ്ഗം നിരന്തരമായ കഠിനാധ്വാനമാകട്ടെ. ഏവര്‍ക്കും ദൈവാനുഗ്രഹം നേരുന്നു.

ഫാദര്‍ റോയി കണ്ണന്‍ചിറ സിഎംഐ എഴുതിയ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തില്‍ നിന്ന് എടുത്ത്.

ഫാ. റോയി കണ്ണന്‍ ചിറയുടെ ഇതുവരെയുള്ള കൃതികള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.