വ്യാപാര കരാറുകളെ ബാധിക്കുമെന്ന് ഭീഷണി; വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് തായ്‌ലന്‍ഡും കംബോഡിയയും സമ്മതിച്ചെന്ന് ട്രംപ്

വ്യാപാര കരാറുകളെ ബാധിക്കുമെന്ന് ഭീഷണി; വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് തായ്‌ലന്‍ഡും കംബോഡിയയും സമ്മതിച്ചെന്ന് ട്രംപ്

വാഷിങ്ടൺ ഡിസി: തായ്ലന്‍ഡ്-കംബോഡിയ അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിനിടയില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് സമ്മതിച്ചെന്ന അവകാശ വാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാര കരാറുകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെയാണ് ചര്‍ച്ചയ്ക്ക് ഇരു രാജ്യങ്ങളും തയ്യാറായതെന്നും ട്രംപ് അവകാശപ്പെടുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ അവകാശവാദം. നിലവില്‍ സ്‌കോട്ട്‌ലന്‍ഡ് സന്ദര്‍ശനത്തിലാണ് ട്രംപ്. കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മനെറ്റുമായും തായ്‌ലന്‍ഡിന്റെ ഇടക്കാല പ്രധാനമന്ത്രി ഫുംതാം വെച്ചയാചൈയുമായും പ്രത്യേകം ചര്‍ച്ച നടത്തിയെന്ന് ട്രംപ് പറയുന്നു.

അതേസമയം ട്രംപിന്റെ അവകാശവാദം ഇതുവരെ വൈറ്റ് ഹൗസോ എംബസികളോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന സൂചന തായ്‌ലന്‍ഡ് പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്. എന്നാല്‍ കംബോഡിയയുടെ ഭാഗത്തു നിന്ന് ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകണമെന്നാണ് തായ്‌ലന്‍ഡിന്റെ ആവശ്യം.

തായ്‌ലന്‍ഡിന്റെ നിലപാട് കംബോഡിയന്‍ പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും ഇരു രാജ്യങ്ങളും അടിയന്തര വെടിനിര്‍ത്തലിനെ കുറിച്ച് ചര്‍ച്ചക്ക് തയ്യാറാണെന്നുമാണ് ട്രൂത്ത് പോസ്റ്റില്‍ ട്രംപ് പറയുന്നത്. സംഘര്‍ഷാവസ്ഥ അവസാനിച്ചാല്‍ മാത്രമേ യുഎസുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോകുകയുള്ളൂ. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കാനായതില്‍ അഭിമാനമുണ്ടെന്നും ട്രംപ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.