ഉയിഗര്‍ പീഡനം; സിന്‍ജിയാങ്ങില്‍ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് ഏര്‍പ്പെടുത്തിയ നിരോധനം പ്രാബല്യത്തില്‍

ഉയിഗര്‍ പീഡനം; സിന്‍ജിയാങ്ങില്‍ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് ഏര്‍പ്പെടുത്തിയ നിരോധനം പ്രാബല്യത്തില്‍

ബീജിങ്: ഉയിഗര്‍ വംശജര്‍ക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്ന ചൈനീസ് ഭരണകൂടത്തിന്റെ നടപടികളില്‍ പ്രതിഷേധിച്ച് സിന്‍ജിയാങ് പ്രവിശ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് യു.എസില്‍ പൂര്‍ണ നിരോധനം. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ച തൊഴില്‍ നിരോധന നിയമപ്രകാരമാണ് ചൊവ്വാഴ്ച്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍ വന്നത്.

ഉയിഗറുകളെ നിര്‍ബന്ധിച്ച് വന്ധ്യംകരിക്കുകയും തടങ്കല്‍ പാളയങ്ങളിലാക്കുകയും ഫാക്ടറികളില്‍ നിര്‍ബന്ധിത തൊഴിലിന് വിധേയരാക്കുകയുമാണെന്ന് യു.എസ് ആരോപിക്കുന്നു. പ്രദേശത്തെ ഖനികളിലും ഉയ്ഗര്‍ വംശജര്‍ അടിമപ്പണിക്ക് വിധേയരാകുന്നുണ്ട്്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ന്യൂനപക്ഷമായ ഈ വിഭാഗം ചൈനയില്‍ നേരിടുന്നത്.

2021 അവസാനത്തോടെയാണ് ഉയിഗര്‍ നിര്‍ബന്ധിത തൊഴില്‍ നിരോധന നിയമം യു.എസ് കോണ്‍ഗ്രസ് പാസാക്കിയത്. ഈ നിയമപ്രകാരം യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (ഇആജ) സിന്‍ജിയാങ് മേഖലയില്‍നിന്നുള്ള എല്ലാ ഇറക്കുമതികളും തടയും. സിന്‍ജിയാങ് സര്‍ക്കാരുമായോ അവിടുത്തെ കമ്പനികളുമായോ ഒരു ബന്ധവും അനുവദിക്കുകയുമില്ല. ഇറക്കുമതി പുനരാരംഭിക്കണമെങ്കില്‍ ഈ പ്രദേശത്തെ വ്യവസായ സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ ചൂഷണം നടക്കുന്നില്ലെന്ന് ഇറക്കുമതി ചെയ്യുന്നവര്‍ അധികാരികള്‍ക്കു മുന്നില്‍ തെളിയിക്കേണ്ടി വരും.

നിര്‍ബന്ധിത തൊഴില്‍ തടയാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് നിരോധനത്തിലൂടെ വ്യക്തമാകുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു.

തൊഴിലാളികളെ ചൂഷണം ചെയ്ത് ആഗോള വിതരണ ശൃംഖലകള്‍ സൃഷ്ടിക്കുന്നതിനെതിരേയും സിന്‍ജിയാങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാരിനോട് ആവശ്യപ്പെടാനുമാണ് യു.എസിന്റെ ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരു രാജ്യങ്ങളിലെയും കമ്പനികളുടെയും ഉപഭോക്താക്കളുടെയും താല്‍പ്പര്യങ്ങളെ വ്രണപ്പെടുത്തുന്ന നിരോധനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നാണ് ചൈനീസ് വാണിജ്യ മന്ത്രാലയം ചൊവ്വാഴ്ച ഇതിനോട് പ്രതികരിച്ചത്.

സിന്‍ജിയാങ് മേഖലയിലെ പഞ്ഞി, ഗ്ലൗസ്, തക്കാളി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം നിര്‍ബന്ധിത തൊഴിലിലൂടെ ഉത്പ്പാദിപ്പിക്കുന്നവയാണെന്ന് യു.എസ് പറയുന്നു.

2017 മുതല്‍ രണ്ട് ദശലക്ഷത്തോളം ഉയിഗറുകളും മറ്റ് വംശീയ വിഭാഗങ്ങളിലുള്ളവരും ചൈനീസ് തടങ്കല്‍പ്പാളയങ്ങളിലുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അവര്‍ മനുഷ്യത്വരഹിതവുമായ പെരുമാറ്റത്തിനും ശാരീരികവും ലൈംഗികവുമായ ദുരുപയോഗത്തിനും ഇരയാകുന്നു. നിര്‍ബന്ധിത ജോലിക്കൊടുവില്‍ മരണവും സംഭവിക്കുന്നു. അതേസമയം, ചൈന ഈ തടങ്കല്‍പ്പാളയങ്ങളെ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നാണു വിശേഷിപ്പിക്കുന്നത്. 2019-ല്‍ ഇത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതായി അവകാശപ്പെടുകയും ചെയ്യുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.