ഇന്ത്യക്കാരന് മുന്നില്‍ ചരിത്രം വഴിമാറി!.. ശുഭാംശുവിന്റെയും സംഘത്തിന്റെയും പേടകം ബഹിരാകാശ നിലയവുമായി ഡോക് ചെയ്തു

ഇന്ത്യക്കാരന് മുന്നില്‍ ചരിത്രം വഴിമാറി!.. ശുഭാംശുവിന്റെയും സംഘത്തിന്റെയും  പേടകം ബഹിരാകാശ നിലയവുമായി ഡോക് ചെയ്തു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും.

ഫ്‌ളോറിഡ: ബഹിരാകാശത്ത് പുതിയ ചരിത്രം പിറന്നു... ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ള ബഹിരാകാശ സഞ്ചാരികളുമായി ആക്‌സിയം 4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക് ചെയ്തു. 

28 മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ശേഷം ഇന്ന് വൈകുന്നേരം നാല് മണിക്കാണ് പേടകം നിലയവുമായി ഡോക് ചെയ്തത്.  ഇരു പേടകങ്ങളിലെയും മര്‍ദവും മറ്റും ഏകീകരിക്കുന്ന ഹാര്‍ഡ് ക്യാപ്ചര്‍ പ്രക്രീയയാണ് ഇപ്പോള്‍ നടക്കുന്നത്. ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ യാത്രികര്‍ നിലയത്തിനുള്ളിലേക്ക് പ്രവേശിക്കും

ആക്സിയം സ്പേസിന്റെ യൂട്യൂബ് ചാനലില്‍ പേടകം നിലയവുമായി ഡോക്ക് ചെയ്യുന്നതിന്റേയും സംഘം നിലയത്തിലേക്ക് പ്രവേശിക്കുന്നതിന്റെയും തത്സമയ ദൃശ്യങ്ങള്‍ കാണാം.

ഇന്നലെ ഉച്ചയ്ക്ക് 12.01 നാണ് ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകം സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ചത്. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 എയില്‍ നിന്നായിരുന്നു വിക്ഷേപണം.

നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്‌സിയം സ്‌പേസിന്റെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ് ശുക്ല. സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണ് മറ്റ് യാത്രികര്‍.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് മുപ്പത്തൊമ്പതുകാരനായ ശുഭാംശു ശുക്ല. ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും. 1984 ല്‍ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.