വത്തിക്കാന്‍ സിറ്റി: മെക്‌സിക്കന്‍ പള്ളിയില്‍ മയക്കുമരുന്ന് സംഘം രണ്ട് വൈദികരെ വെടിവയ്ച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വേദനിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. കൊലപാതക പരമ്പരകളില്‍ സങ്കടവും പരിഭ്രാന്തിയുമുണ്ടെന്ന് പറഞ്ഞ മാര്‍പ്പാപ്പ അക്രമങ്ങള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍മാക്കുകയേ ഉള്ളൂ എന്നും പറഞ്ഞു.
''അക്രമം ഒരിക്കലും പ്രശ്നങ്ങള്‍ പരിഹരിക്കില്ല, മറിച്ച് കഷ്ടപ്പാടുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.'' മെക്‌സികോയിലെ ചിഹുവാഹുവയില്‍ കൊല്ലപ്പെട്ടവര്‍ക്കായുള്ള പ്രാര്‍ത്ഥനാ ചടങ്ങിനിടെ മാര്‍പ്പാപ്പ പറഞ്ഞു.
ഫാ.ജാവിയര്‍ കാംപോസ് മൊറേല്‍സ് (79), ഫാ.ജോക്വിന്‍ സീസര്‍ മോറ സലാസര്‍ (80) എന്നിവരാണ് സെറോകാഹുയിയിലെ പള്ളിക്കുള്ളില്‍ തിങ്കളാഴ്ച കൊല്ലപ്പെട്ടത്. ആയുധ ധാരികളായ മയക്കുമരുന്ന് സംഘത്തിന്റെ ഭീഷണി ഭയന്ന് പള്ളിക്കുള്ളില്‍ അഭയം തേടിയ ഒരാളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടു വൈദീകര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതെന്ന് ജെസ്യൂട്ട് മെക്സിക്കോ പ്രവിശ്യയുടെ അധ്യക്ഷന്‍ ഫാ. ലൂയിസ് ജെറാര്‍ഡോ മോറോ പറഞ്ഞു.
ജെസ്യൂട്ട് സന്ന്യാസ സഭാ ദേവാലയത്തിലാണ് ആക്രമണം ഉണ്ടായത്. ഇരുവരുടെയും മൃതദേഹങ്ങളും അക്രമികള്‍ കൊണ്ടുപോയി. അഭയം തേടിയെത്തിയ ആളും വെടിയേറ്റു കൊല്ലപ്പെട്ടു. സംഭവത്തെ അപലപിച്ച ഫാ. മാഡ്രിഡ് അതിവേഗ അന്വേഷണം വേണമെന്നും ഇടവകയില്‍ അവശേഷിക്കുന്ന രണ്ട് വൈദികരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അക്രമത്തില്‍ ജെസ്യൂട്ട് ആഗോള സമൂഹത്തിന്റെ അധ്യക്ഷന്‍ ഫാ. ആര്‍തുറോ സോസയും ദുഃഖം പ്രകടിപ്പിച്ചു. വാര്‍ത്തയില്‍ ഞെട്ടലും ദുഃഖവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ചിന്തകളും പ്രാര്‍ത്ഥനകളും മെക്സിക്കോയിലെ ജെസ്യൂട്ട് സമൂഹത്തിനും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമുണ്ടെന്നും അക്രമ സംഭവങ്ങള്‍ക്ക് അറുതി വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോയിലാണ് ലോകത്ത് വൈദികര്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ മെക്സിക്കോയില്‍ മാത്രം അറുപതോളം വൈദികര്‍ വ്യക്തമായ കാരണങ്ങളില്ലാതെ കൊല്ലപ്പെട്ടെന്ന് ചര്‍ച്ച് ഇന്‍ നീഡ് സംഘടന രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.